mbbs
കഴിഞ്ഞ ദിവസം നൽകിയ വാർത്ത

കൊച്ചി: മകളുടെ എംബി.ബി.എസ് അഡ്‌മിഷനായി വിദേശ മലയാളിയെ വഞ്ചിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്‌റ്റിലായ ആലുവ ചൂർണിക്കര ശാന്തിനഗർ തെക്കേമണ്ണിൽ ജോബിൻ ജോയിക്കെതിരെ (32) പൊലീസ് സ്‌റ്റേഷനിൽ പരാതി പ്രളയം.
അറസ്റ്റ് വാർത്ത കണ്ട് നിരവധി പേർ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടും ഫോൺ മുഖേനയും വിവരങ്ങൾ തേടിയെത്തി. മെഡിക്കൽ അഡ്മിഷന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന പ്രതി അപേക്ഷ സമർപ്പിക്കുന്ന സമയങ്ങളിൽ ഓഫീസുകളുടെ പരിസരങ്ങളിൽ ചുറ്റിനടന്ന് കോളേജിന്റെ ആളാണെന്ന് അപേക്ഷകരെ വിശ്വസിപ്പിക്കും. രക്ഷിതാക്കളുടെ ഫോൺ നമ്പറുകൾ ശേഖരിക്കും. പിന്നീട് ഫോണിലൂടെ രക്ഷിതാക്കളെ കെണിയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്.
കലൂർ സ്വദേശിയായ ഡോക്ടറുടെ 23 ലക്ഷം രൂപയും വൈക്കം സ്വദേശികളായ മൂന്നു പേരിൽ നിന്ന് 20 ലക്ഷം രൂപ വീതം 60 ലക്ഷം രൂപയും പാലാരിവട്ടം സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയും തട്ടിയെടുത്തു. ഇവരെ അതത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ നിർദ്ദേശിച്ച് അയച്ചു.

അമൃത മെഡിക്കൽ കോളേജ്, കാരക്കോണം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ എൻ.ആർ.ഐ ക്വാട്ടയിലായിരുന്നു അഡ്മിഷൻ വാഗ്‌ദാനം. രാഷ്‌ട്രീയക്കാരുമായി അടുപ്പമുണ്ടെന്ന് ധരിപ്പിച്ചും ആഡംബര ഹോട്ടലുകളിൽ താമസിക്കുന്നതിന്റെ ബില്ലുകൾ കാണിച്ചുമാണ് ഇയാൾ പലരെയും വീഴ്ത്തിയിരുന്നത്.
മറ്റു ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിശദമായി ചോദ്യം ചെയ്യാൻ ജോബിനെ സെൻട്രൽ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. എറണാകുളം അസി.കമ്മിഷണർ കെ. ലാൽജി, സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ. എസ്. ഐമാരായ വിബിൻദാസ്,സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.