കൊച്ചി: നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി വിവിധ ജില്ലകളിലെ നിരവധി പേരിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത എറണാകുളം ചെറായി തുണ്ടത്തിൽ വീട്ടിൽ ശാമുവലിന്റെ ഭാര്യ ദേവിപ്രിയ ബാബുവിനെ (30) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. വടുതല സ്വദേശി നിജോ ജോർജിന് നേവൽ ബേസിൽ ക്ലാർക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് 70,000 രൂപ വാങ്ങി തട്ടിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ്.
കഴിഞ്ഞ ഒരു വർഷമായി സമാനമായ തട്ടിപ്പ് ഇവർ നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തൃശൂർ സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടു മക്കൾക്ക് ജോലി വാഗ്ദാനം നൽകി ആറു ലക്ഷം രൂപ വാങ്ങി. ഇവർക്ക് നേവൽ ക്വാർട്ടേഴ്‌സ് തരപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രീയ വിദ്യാലയത്തിൽ അഡ്‌മിഷനും ഉറപ്പു നൽകി. ഇതോടെ അവർ തൃശൂരിലുള്ള വാടക വീട് ഒഴിഞ്ഞു.കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള യൂണിഫോം തയ്‌പ്പിച്ചു. സ്‌കൂളിൽ നിന്ന് ടി.സിയും വാങ്ങി. എന്നാൽ, ഒന്നും നടന്നില്ല. വാങ്ങുന്ന തുക നേവൽ ബേസിലെ യൂണിയൻ നേതാക്കൾക്കും ഉന്നത നേവൽ ഉദ്യോഗസ്ഥർക്കുമാണ് നൽകുന്നതെന്നും അവരാണ് ജോലി ശരിയാക്കുന്നതെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നു. പണം മുടക്കിയ ചിലർ പരിചയക്കാരായ വിരമിച്ച ഉദ്യോഗസ്ഥരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പലരും പണം നൽകി ജോലിക്ക് കയറുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെ വിശ്വാസം കൂടി. ദേവിപ്രിയയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ജോലിക്ക് കയറാനായി പരാതിക്കാരൻ നേവൽ ബേസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സ്‌റ്റേഷനിൽ എത്തി പരാതി നല്കുകയായിരുന്നു. വാങ്ങിയ തുക നേവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കാണ് ഇട്ടു കൊടുക്കുന്നതെന്ന് ദേവിപ്രിയ പറഞ്ഞെങ്കിലും അന്വേഷണത്തിൽ കളവാണെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി, നോർത്ത് സി.ഐ സിബി ടോം, എസ്.ഐ. അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.കൂടുതൽ അന്വഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും.