കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സി.ബി.ഐക്കു വിടണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അടുത്ത ബന്ധുക്കളായ തങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് ഭാര്യ വിജയയും മക്കളും ഹൈക്കോടതിയിൽ ഹർജി നൽകി. രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽവച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മർദ്ദനത്തിനിരയായെന്നും ഹർജിയിൽ പറയുന്നു.
രാജ്കുമാർ പ്രതിയായ ഹരിത ഫിനാൻസ് തട്ടിപ്പുകേസും സി.ബി.ഐ അന്വേഷിക്കണം. രാജ്കുമാറിന്റെ അമ്മയ്ക്കും ഹർജിക്കാരിക്കും മക്കൾക്കുമാണ് ഒാരോ കോടി രൂപ വീതം നൽകേണ്ടത്. ഇടക്കാല സഹായമായി 10 ലക്ഷം രൂപ വീതം ഉടൻ നൽകണമെന്നും ഹർജിയിൽ പറയുന്നു. രാജ്കുമാറിൽ നിന്ന് അന്യായമായി പൊലീസ് പിടിച്ചെടുത്ത 72, 000 രൂപയും ബാങ്ക് പാസ് ബുക്കുകളും നൽകാൻ നിർദ്ദേശിക്കണം. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും എഫ്.ഐ.ആറിൽ ചെറിയ തുകയുടെ തട്ടിപ്പാണ് കാണിച്ചിട്ടുള്ളത്. തമിഴ് മാത്രം സംസാരിക്കാനറിയുന്ന രാജ്കുമാർ വൻതോതിൽ പണം പിരിച്ചിട്ടുണ്ടെങ്കിൽ ഇതെവിടെപ്പോയെന്ന് അന്വേഷിക്കാൻ സി.ബി.ഐ വേണം. പണം ആർക്കാണ് കൈമാറിയതെന്ന് പറയാതിരിക്കാനാണ് രാജ്കുമാറിനെ പൊലീസ് ക്രൂരമായി ഉപദ്രവിച്ചത്. ഇടുക്കി എസ്.പി, കട്ടപ്പന ഡിവൈ.എസ്.പി, നെടുങ്കണ്ടം സി.ഐ എന്നിവർ അറിയാതെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കാനാവില്ല. ആ നിലയ്ക്ക് ഇവർക്കും ജയിൽ അധികൃതർക്കുമെതിരെ ക്രിമിനൽ കേസെടുക്കണം. രാജ്കുമാറിന് വൈദ്യസഹായം നൽകുന്നതിലും പോസ്റ്റ്മോർട്ടം നടത്തിയതിലും വീഴ്ചവരുത്തിയ ആശുപത്രി അധികൃതർക്കെതിരെയും അന്വേഷണം വേണം. രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ ഇടുക്കി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് അന്വേഷിച്ച് നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.