കൊച്ചി: രണ്ട് ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് തിങ്കളാഴ്ച നേരിയ ശമനം. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ മഴ പെയ്തില്ലെങ്കിലും മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായിരുന്നു. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഏലൂർ, ആലങ്ങാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്. ആലങ്ങാട് തിരുവാലൂർ സ്‌കൂളിൽ രണ്ട് കുടുംബങ്ങളിലായി ആറുപേരെയും ഏലൂർ മേത്താനം പകൽവീട്ടിൽ മൂന്ന് കുടുംബങ്ങളിലെ പത്ത് പേരെയുമാണ് താമസിപ്പിച്ചിട്ടുള്ളത്.
തിങ്കളാഴ്ച വരെ ഓറഞ്ച് അലർട്ടിൽ തുടർന്നിരുന്ന ജില്ല ചൊവ്വാഴ്ച യെല്ലോ അലർട്ടിലേക്ക് മാറി. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തിങ്കളാഴ്ച അത്യാഹിതങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെല്ലാനം, വൈപ്പിൻ മേഖലകളിൽ കടലാക്രമണം തുടരുകയാണെങ്കിലും വലിയ നാശനഷ്ടങ്ങളില്ല.
കൺട്രോൾ റൂം തുറന്നു
സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയിലെ അടിയന്തിര പ്രവർത്തന കേന്ദ്രവും എറണാകുളം, കണയന്നൂർ, പറവൂർ എന്നിവിടങ്ങളിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. 79022 00400 എന്ന നമ്പറിൽ ജില്ലാ കേന്ദ്രത്തിലേക്ക് വിളിക്കാം. 0484 2360704, 0484 2423513 എന്നിവയാണ് എറണാകുളം, കണയന്നൂർ കൺട്രോൾ റൂം നമ്പറുകൾ. 04842972817 ആണ് പറവൂരിലെ കൺട്രോൾ റൂം നമ്പർ.
ഞായറാഴ്ച രാവിലെ എട്ടുമുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെ പെയ്ത മഴ
എറണാകുളം സൗത്ത് - 78 മില്ലീ മീറ്റർ
പിറവം - 106.1
നേവൽ ബേസ് - 99.2
ആലുവ - 96
പെരുമ്പാവൂർ - 92
നെടുമ്പാശ്ശേരി വിമാനത്താവളം - 75.2