flood
പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന തുറവൂർ വാതക്കാട് ഭാഗത്തെ വീട്ടമ്മമാർ യു സി കോളജിൽ നടന്ന സംഗമത്തിൽ പരാതിയുമായി എത്തിയപ്പോൾ

ആലുവ: മഹാപ്രളയം കടന്നുപോയിട്ട് ഒരു വർഷമായിട്ടും ഇതുവരെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.പ്രളയത്തിന്റെ ഓർമപെടുത്തലായി അവ ഇന്നും അവശേഷിച്ചു നിൽകുകയാണ്.
#വാതക്കാട് നിവാസികൾക്ക് ദുരിതം മാത്രം

ആലുവ: പ്രളയത്തിൽ വീടടക്കം നശിച്ച വാതക്കാട് സ്വദേശികളായ കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ. തുറവൂർ വാതക്കാട് സ്വദേശികളായ രതി പരമേശ്വരൻ, അംബിക സുകുമാരൻ, വിലാസിനി സോമൻ, മിനി ശശി, കാർത്തു ചാത്തൻ, കമലു വേലായുധൻ, അജിത അജി, ബേബി, ശിവൻ, ഭവാനി കുമാരൻ തുടങ്ങിയവരുടെ വീടുകൾക്കാണ് തകർച്ചയുണ്ടായത്. സർക്കാറിന്റെ ആദ്യ ഗഡുവായ പതിനായിരം രൂപയല്ലാതെ കൂടുതൽ സഹായമൊന്നും ഉണ്ടായിട്ടില്ല. ഇതിന് പുറമെ സെപ്റ്റിക് ടാങ്ക് മാലിന്യവുമായി ബന്ധപ്പെട്ട മറ്റൊരു ദുരിതത്തെ നേരിടുകയാണിവർ. പ്രളയത്തെ തുടർന്ന് ഇവരുടെയെല്ലാം വീടുകളിലെ സെപ്റ്റിക് ടാങ്കുകൾ തകർന്നിരുന്നു. എന്നാൽ, ഇത് പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് വീട്ടുകാർ തന്നെ പണം മുടക്കി റെഡിമെയ്ഡ് ടാങ്കുകൾ സ്ഥാപിച്ചു. പാടശേഖരത്തിന് സമീപമുള്ള പ്രദേശമായതിനാൽ മഴ പെയ്യുമ്പോഴേക്കും പരിസരമാകെ ദുർഗന്ധം പരക്കുകയാണ്. ഇതിന് പ്രതിവിധി തേടി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവഗണനയായിരുന്നു ഫലം. തുടർന്നാണ് യു.സി. കോളജിൽ നടന്ന സംഗമത്തിൽ മന്ത്രിയോട് പരാതി പറയാൻ വീട്ടമ്മമാർ എത്തിയത്. മന്ത്രിയെ കാണാൻ കഴിതായതോടെ ജില്ല കലക്ടർ എസ്. സുഹാസിനോട് പരാതി പറഞ്ഞു. ഇവരെ ആശ്വസിപ്പിച്ച കലക്ടർ നേരിട്ട് പരാതിയുമായി കലക്ടറേറ്റിൽ ചെല്ലാൻ ആവശ്യപ്പെട്ടു.

#ഓടിട്ട വീടിന് വലിയ തകരാറുണ്ടായിട്ടും അവഗണിച്ചതായി ആരോപണം
പ്രളയത്തിൽ ഒടുമേഞ്ഞ വീടിന് വലിയ കേടുപറ്റിയിട്ടും സാമ്പത്തിക സഹായം അനുവദിക്കാതെ അധികൃതർ അവഗണിച്ചതായി ആരോപണം. ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ സ്വദേശി പ്രസാദാണ് പരാതിക്കാരൻ. വെള്ളം കയറിയതിനെ തുടർന്ന് വീടിന്റെ ഭിത്തികൾക്ക് വ്യാപകമായി വിള്ളലുണ്ടായിരുന്നു. ഇത് ഓടിട്ട വീടിന് ബലക്ഷയത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് ആദ്യലിസ്റ്റിൽ തന്നെ പ്രസാദിന് അവഗണനയുണ്ടായി. പ്രസാദിന്റെ വീട്ട് നമ്പറിൽ മറ്റൊരാളുടെ പേരാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥൻ വീട്ടിൽ പരിശോധനക്കെത്തിയെങ്കിലും വീടിനകത്ത് കയറുകയോ നഷ്ടം കണക്കാക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. പേര് തിരുത്തിയെങ്കിലും കുറഞ്ഞ നഷ്ടമാണ് രേഖപ്പെടുത്തിയത്. തുടർന്ന് കലക്ടർക്ക് പരാതി നൽകിയെങ്കിലും ആദ്യം പരിഗണിച്ചില്ല പിന്നീട് റവന്യു വകുപ്പ് അധികൃതർ പഞ്ചായത്തിന് പരാതി കൈമാറി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതേ തുടർന്ന് വീണ്ടും അപ്പീൽ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ശനിയാഴ്ച ആലുവ യു സി കോളജിൽ നടന്ന പ്രളയാന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഗമത്തിന്നെത്തിയ കലക്ടറടക്കമുള്ള അധികൃതരോട് പ്രസാദ് പരാതിപ്പെട്ടിട്ടുണ്ട്.

#'ജനകീയം ഈ അതിജീവനം'

പ്രളയകാല ഓർമകളുമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'ജനകീയം ഈ അതിജീവനം' പരാതി പ്രളയത്തിൽ മുങ്ങി. പ്രളയത്തെ തുടർന്ന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തവർ, വീട് മുങ്ങിയതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചവർ, വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർ തുടങ്ങി പരാതിക്കാരുടെ സംഗമ വേദിയായി ആലുവ യു.സി. കോളേജ് മാറി.