block
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കിടപ്പു രോഗീ - ബന്ധു സംഗമം ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: സ്വാർത്ഥ താത്പര്യങ്ങളാണ് മനുഷ്യർ രോഗികളാകാൻ പ്രധാന കാരണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. കിടപ്പു രോഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രോഗീബന്ധുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മാലിന്യങ്ങൾ മനുഷ്യർ ഉപയോഗിക്കുകയോ ഉപയോഗശേഷം വലിച്ചെറിയുകയോ ചെയ്യുകയാണ്. ഇത് ഭക്ഷിക്കുകയും കുടിക്കുകയും ശ്വസിക്കുകയും ചെയ്യുക വഴി മനുഷ്യർ രോഗികളായി മാറുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും കൂട്ടായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഏറെ വൈകാതെ മാരക രോഗങ്ങൾ നമുക്കിടയിൽ പനിപോലെ പടർന്ന് പിടിക്കും. കിടപ്പുരോഗികൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ലെന്നും അവരെ സമൂഹത്തോടൊപ്പം ചേർത്ത് നടത്തണമെന്നും ജസ്റ്റിസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു.

നീറ്റ് പരീക്ഷയിൽ 1294 റാങ്ക് നേടിയ കിടപ്പു രോഗിയായ ആൽവിൻ ജോസഫിന് ജസ്റ്റിസ് മേരി ജോസഫ് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട് ഭക്ഷണകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ. മാത്യൂസ് നമ്പേലി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ വള്ളമറ്റം കുഞ്ഞ്, ലതാ ശിവൻ, ആലീസ്.കെ.ഏലിയാസ്, ഷീന സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസി ജോളി, ഒ.പി. ബേബി, ജാൻസി ജോർജ്, അഡ്വ.ചിന്നമ്മ ഷൈൻ, പായിപ്ര കൃഷണൻ, ബാബു ഐസക്, ഒ.സി.ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ആൻസിലി ഐസക് സ്വാഗതവും എം.എസ്. സഹിത നന്ദിയും പറഞ്ഞു. പൊതുസമ്മേളനാനന്തരം കിടപ്പു രോഗികളുടെ ഗാനമേള അരങ്ങേറി.

കിടപ്പു രോഗികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ മനസിലാക്കി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്തും പണ്ടപ്പിള്ളി സാമൂഹ്യാരോഗ്യ കേന്ദ്രവും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. കിടപ്പു രോഗികൾക്ക് അവരുടെ വീടുകളിൽ തന്നെ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ പ്രാഥമിക സാന്ത്വന പരിചരണ പരിപാടിയും ബ്ലോക്ക് തലത്തിൽ വിദഗ്ധ സാന്ത്വന പരിപാടിയും നടപ്പാക്കുന്നുണ്ട്. ബ്ലോക്കിന് കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കിടപ്പ് രോഗികളും ബന്ധുക്കളും പരിപാടിക്കെത്തി.