മൂവാറ്റുപുഴ: ആട്ടവും പാട്ടുമായി മൂവാറ്റുപുഴ ബ്ലോക്കിലെ കിടപ്പ് രോഗികളും ബന്ധുക്കളും ഒത്തുചേർന്നത് നവ്യാനുഭവമായി. ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കിടപ്പ് രോഗികളും ബന്ധുക്കളുമാണ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഗമിച്ചത്. ആദ്യം രോഗികളും ബന്ധുക്കളും പരസ്പരം പരിചയപ്പെട്ടു. തുടർന്ന് ഓരോരുത്തരും സദസുമായി അനുഭവങ്ങൾ പങ്കുവച്ചു. വീൽ ചെയറിലെത്തിയ കിടപ്പു രോഗികൾ ചേർന്ന് ഗാനമേള അവതരിപ്പിച്ചു.
രോഗങ്ങളുടെ പിരിമുറക്കത്തിൽ നിന്ന് വിട്ട് മാനസികോല്ലാസം നൽകുന്ന മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച് നടന്നത്. അവശതകൾ മറന്ന് കൈകൊട്ടി പാടിയും താളം പിടിച്ചും രോഗികളും ബന്ധുക്കളും പരിപാടി അവിസ്മരണീയമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, ബി.ഡി.ഒ എം.എസ്. സഹിത, ഡോ. ആൻസിലി ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് പ്രവർത്തകരുമാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ബ്ലോക്ക് പരിധിയിലെ വിവിധ സന്നദ്ധ സാംസ്‌കാരിക സംഘടനകളും പരിപാടിയുമായി സഹകരിച്ചു.