മൂവാറ്റുപുഴ: ക്ഷീരകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള അഗ്രസീവ് ഡയറി ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഇന്ന് പ്രതിഷേധ ജാഥ നടത്തും.
സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു തുരുത്തിപ്പിള്ളിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിഷേധ ജാഥ നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിക്കും. നേതാക്കളായ ഷാജി പുലിമല, എം.എൻ. ഹസൻ, റിജോ താനിക്കൽ, സിബി മാത്യു എന്നിവർ പങ്കെടുക്കും.

സർക്കാർ മിൽമ പാലിന് 44 രൂപ വില നിശ്ചയിച്ചപ്പോൾ ക്ഷീരകർഷകർക്ക് ലഭിക്കുന്നത് കേവലം 34 രൂപയാണ്. ഇത് 60 രൂപയായെങ്കിലും ഉയർത്തിയാലേ ക്ഷീരകർഷകർ രക്ഷപ്പെടുകയുള്ളു. കാലിത്തീറ്റയുടെ അമിതമായ വില വർദ്ധനവ്, ചികിത്സക്കും മരുന്നിനുമുള്ള ചെലവ് വർദ്ധിച്ചത് ഇവയെല്ലാം കർഷകരെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.