കൊച്ചി : വൈദികർ മൂന്ന് ദിവസം ഉപവാസ പ്രാർത്ഥന നടത്തി സഹനസമരം നയിച്ചത് എറണാകുളം അങ്കമാലി അതിരൂപതയുടെ നിലനില്പിന് വേണ്ടിയാണെന്ന് അതിരൂപതാ സുതാര്യതാ സമിതി പറഞ്ഞു. ഇത്രയും നാൾ പ്രശ്നങ്ങൾ കേൾക്കാതിരുന്ന അധികാരികൾ സമരത്തോടെ അടിയന്തര നടപടി സ്വീകരിച്ചതായി സമിതി പ്രസ്താവനയിൽ പറഞ്ഞു.

അതിരൂപതയിലെ ഭൂരിപക്ഷം വൈദികർ യോഗം ചേർന്ന് പാസാക്കിയ പ്രമേയം 365 വൈദികർ ഒപ്പിട്ട് സീറോ മലബാർ സഭയിലെ സിനഡ് അംഗങ്ങളായ മുഴുവൻ മെത്രാന്മാർക്കും അയച്ചുകൊടുത്തിരുന്നു. മുഴുവൻ ഇടവകയിൽ നിന്നും രണ്ടു പ്രതിനിധികളും അല്മായ സംഘടന ഭാരവാഹികളും ഉൾപ്പെടെ 1200 പേർ ഒന്നിച്ചുകൂടി മറ്റൊരു പ്രമേയം പാസാക്കിയിരുന്നു. ഇതൊന്നും സഭയുടെ മെത്രാന്മാരോ സിനഡോ അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. ഉപവാസപ്രാർത്ഥന ആരംഭിച്ച് വെറും മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ സ്ഥിരം സിനഡ് അംഗങ്ങൾ വൈദികരെ ചർച്ചയ്ക്ക് വിളിക്കുകയും മണിക്കൂറുകൾ അതിരൂപതയുടെ പ്രശ്‌നങ്ങൾ കേൾക്കാനും തയ്യാറായത് വലിയ കാര്യമാണ്.

അതിരൂപതയുടെ പ്രശ്‌നങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിച്ചു. അടുത്ത സിനഡ് തീരുന്നതിനു മുമ്പ് വീണ്ടും വൈദിക പ്രതിനിധികളെ കാണുമെന്നും സമ്മതിച്ചിട്ടുണ്ട്. സഹനസമരം പൂർണ വിജയമാണ്. ചർച്ചയ്ക്ക് മുൻകൈ എടുക്കുകയും നേതൃത്വം നൽകുകയും ചെയ്ത തൃശൂർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അഭിനന്ദിക്കുന്നതായി സമിതി പ്രസിഡന്റ് മാത്യു കാരോണ്ടുകടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആന്റണി എന്നിവർ പറഞ്ഞു.