മൂവാറ്റുപുഴ: സാംസ്‌കാരിക ആശയങ്ങൾ പൊതുജനങ്ങളിലേക്ക് പകർന്നു നൽകുന്ന മഹത്തായ പ്രവർത്തനം ഗ്രന്ഥശാലകളിൽ നടക്കുന്നതിനാൽ കേരളീയ ഗ്രാമങ്ങളുടെ സാംസ്‌കാരിക തലത്തെ ഉണർത്തിയെടുക്കുവാൻ ഒരു പരിധിവരെ കഴിയുന്നുണ്ടെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവസാഹിത്യപുരസ്‌കാരം നേടിയ ഡോ. അനൂജ അകത്തൂട്ടിന് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടേയും പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെയും പായിപ്ര പൗരാവലിയുടേയും സംയുക്താഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ഗ്രാമവും പ്രദേശങ്ങളും അറിയപ്പെടുന്നത് കലയിലൂടേയും സാഹിത്യത്തിലൂടെയുമാണ്. അധമമായ ചിന്തകളെ തകർത്ത് ഉത്തമമായ മനസിനെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് നവോത്ഥാനത്തിന്റെ പരമമായ ലക്ഷ്യം. അന്വേഷണ ഭാവത്തെ കാവ്യാത്മകമായി ഉയർത്തി സമൂഹത്തെ നന്മയിലേക്ക് നയിക്കുവാൻ കഴിയുന്ന സാഹിത്യസൃഷ്ടികൾ സമൂഹം കൈനീട്ടി സ്വീകരിക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് അനൂജയുടെ അമ്മ ഉറങ്ങുന്നില്ല എന്ന് കവിതാ സമാഹാരമെന്നും മന്ത്രി പറഞ്ഞു. ലൈബ്രറിയുടെ ഉപഹാരം ഡോ. അനൂജ അകത്തൂട്ടിന് മന്ത്രി സമ്മാനിച്ചു. എൽദോ എബ്രഹാം എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് അനുമോദന പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ അനുഗ്രഹ പ്രഭാഷണവും നടത്തി. ലൈബ്രറി പ്രസിഡന്റ് എം.കെ . ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതവും പറഞ്ഞു. പായിപ്ര സഹകരണ ബാങ്കിന്റെ ഉപഹാരം ബാങ്ക് പ്രസിഡന്റ് വൈസ് പ്രസിഡന്റ് വി.എസ്. മുരളി ഡോ. അനൂജക്ക് സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പായിപ്ര കൃഷ്ണൻ, സ്മിത സിജു, ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളായ സി.കെ. ഉണ്ണി, കെ.പി. രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ നസീമ സുനിൽ, അശ്വതി ശ്രീജിത്, പി.എസ്. ഗോപകുമാർ, ഒ.കെ. മോഹനൻ, അഡ്വ. എൽദോപോൾ, അലി പായിപ്ര, പി.എ. ബിജു, ഇ.എസ്. ഷാനവാസ്, ഇ. എ. ഇബ്രാഹിം, അജാസ് പായിപ്രഷെബീർ ടി.എം, , ജെബി ഷാനവാസ്, ആൻസി ജോസ്, വി..സി. വാസുദേവൻ എന്നിവർ സംസാരിച്ചു. അനൂജ അകത്തൂട്ട് മറുപടി പ്രസംഗം നടത്തി. രണ്ടാം റാങ്ക് നേടിയ ആഷ്‌ന ബഷീറിനും വായന മത്സര വിജയികൾക്കും അവാർഡ് നൽകി. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി കൊച്ചിൻ സിംഫണിയുടെ മെഗാഷോയും സിനി ആർട്ടിസ്റ്റ് അരിസ്റ്റോ സുരേഷിന്റെ സ്റ്റേജ് ഷോയും ഉണ്ടായിരുന്നു.
മൂവാറ്റുപുഴയ്ക്കടുത്ത് പായിപ്രയിൽ ജനിച്ച ഡോ. അനൂജ സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്റേയും എഴുത്തുകാരി നളിനി ബേക്കലിന്റേയും മകളാണ്. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് അസ്‌ലമാണ് ഭർത്താവ്. ഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിക്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന അനൂജക്ക് എ.ആർ.എസിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനാണ് ഡോ. അനൂജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത്. അമ്പതിനായിരം രൂപയും താമ്രഫലകവുമാണ് പുരസ്‌കാരം.