കൊച്ചി: കഴിഞ്ഞ നാലുവർഷമായി തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന ഏജ് ഫ്രണ്ട്ലി ക്ലാസുകളുടെ ഏറ്റവും പുതിയ ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് കഴിഞ്ഞദിവസം കോളേജിൽ നടന്നു. പ്രായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് കലാലയജീവിതം ആസ്വദിക്കാൻ മുതിർന്ന പൗരൻമാർക്ക് അവസരം ഒരുക്കികൊടുക്കുന്ന ക്ലബ് ആണ് ഏജ് ഫ്രണ്ട്ലി. 45നും 86നും ഇടയിൽ പ്രായമുള്ള നൂറിൽ പരം വിദ്യാർത്ഥികളും അവരെ സഹായിക്കാനായി 300ൽ പരം വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് കോളേജിന്റെ ഏജ് ഫ്രണ്ട്ലി ടീം. സോൾസ് ഒഫ് കൊച്ചിൻ ഡയറക്ടർ രമേഷ് കാഞ്ഞിലിമഠം ഉദ്ഘാടനം നിർവഹിച്ചു. എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കപ്പിള്ളിൽ, ഏജ് ഫ്രണ്ട്ലി കോർഡിനേറ്റർ എബിൻ അമ്പിളി, ഓറിയന്റൽ ലാംഗ്വേജസ് ഫാക്കൽറ്റി ശോഭ ലിസ് ജോൺ, മാജിക്സ് എൻ.ജി.ഒ പ്രതിനിധി ജോൺസ് അഗസ്റ്റിൻ, സ്റ്റുഡന്റ് കോർഡിനേറ്റർ യോഹൻ എന്നിവർ സംസാരിച്ചു. സ്പോക്കൺ ഇംഗ്ളീഷ്, കമ്പ്യൂട്ടർ ക്ലാസുകൾക്കു പുറമെ ഈ വർഷം മുതൽ ഹിന്ദി, ഫ്രഞ്ച് ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.