ആലുവ: രാജ്യത്ത് മനുഷ്യാകാശ ലംഘനങ്ങൾ നിത്യസംഭവമായെന്നും ഇത് തടയാൻ പൗരാവകാശ സംഘടനകൾ വ്യാപകമാകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു.
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി 20-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കപ്പ് മർദ്ദനവും കൊലപാതകവുമെല്ലാം പൗരാവകാശ സംഘടനകൾ ശക്തമായാൽ തടയാനാകുമെന്നും ജസ്റ്റിസ് പറഞ്ഞു. സമിതി പ്രസിഡന്റ് വി.ടി. ചാർളി അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാകവാശ സേവന പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നും പറമ്പിലിന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൈമാറി. സമിതി രക്ഷാധികാരി ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. ബെന്നിബെഹനാൻ എം.പിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ദിലീപ് കപ്രശേരി, എന്നിവർ സംസാരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ അശോകപുരം നാരായണനെയും യുവമാധ്യമ പ്രവർത്തൻ കെ.കെ. അബ്ദുൾ സലാമിനെയും ആദരിച്ചു.