മൂവാറ്റുപുഴ: ഉറക്കമിളച്ച് പഠിച്ച് മാത്രമല്ല, ആട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തുമൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് മൂവാറ്റുപുഴക്കാരനായ അജിത് മലയാളം സർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. പത്താം ക്ലാസിൽ തോറ്റ് ആട്ടോഡ്രൈവറായ കാലാമ്പൂര് പുത്തൻമഠത്തിൽ അജിത്ത് ഡോക്ടർ അജിത്തായതിന് പിന്നിൽ നിശ്ചയദാർഢ്യത്തിന്റെ കഥയുണ്ട്.
അമ്മ ശാന്തയും അമ്മൂമ്മ ചിന്നമ്മയും മാത്രമുള്ള പുറമ്പോക്കിലെ ഒറ്റമുറി ചെറ്റക്കുടിലിലാണ് അജിത് വളർന്നത്. അജിത്തിന്റെ ചെറുപ്പത്തിലേ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്താണ് ശാന്ത കുഞ്ഞിനെ പഠിപ്പിച്ചതും കുടുംബം പോറ്റിയതും. അഞ്ചൽപെട്ടി യു.പിയിലും വാരപ്പെട്ടി എൻ.എസ്.എസ് സ്കൂളിലുമായിയിരുന്നു പഠനം. അമ്മയുടെ കഷ്ടപ്പാട് കണ്ട്
എട്ടാം ക്ളാസ് മുതൽ അജിത് റബർ ടാപ്പിംഗിനും പെയിന്റിംഗിനും പോയി. 2004 ൽ പത്താംക്ളാസ് തോറ്റപ്പോൾ കരിങ്കൽ ക്വാറിയിലായി ജോലി. പിന്നീട് മീൻകച്ചവടത്തിനും ആട്ടോ ഓടിക്കാനും ഇറങ്ങി. അതിനിടെ വീണ്ടും പഠിക്കണമെന്ന മോഹം. 2006 ൽ സേ പരീക്ഷയെഴുതിയെടുത്തു. തുടർന്ന് ശിവൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന് പ്ലസ്ടു പാസായി. അമ്മയും മകനും ചേർന്ന് കൂലിപ്പണിയെടുത്ത് സമ്പാദിച്ച പണവും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായവും കൊണ്ട് 20 സെന്റ് സ്ഥലംവാങ്ങി വീട് പണിതു. ആട്ടോ ഓടിക്കുന്നതിനിടെ തന്നെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ചേർന്ന് മലയാളം ഡിഗ്രിയെടുത്തു. രാത്രിയിലും അവധിദിവസങ്ങളിലുമായിരുന്നു ആട്ടോ ഓടിച്ചിരുന്നത്. പിന്നെ മൂവാറ്റുപുഴ ശ്രീനാരായണ കോളേജിൽ നിന്ന് ബി.എഡും. ഇവിടുത്തെ അദ്ധ്യാപകരുടെ നിർബന്ധം മൂലം എം.എയ്ക്ക് മലയാള സർവകലാശാലയുടെ ആദ്യ ബാച്ചിൽ ചേർന്നു.
ബി.എഡ് കോളേജിലെ മലയാളം അദ്ധ്യാപകനായ ജോബി തോമസിന്റെ നിർദ്ദേശപ്രകാരമാണ് പിഎച്ച്.ഡിക്ക് ചേർന്നത്. ‘ജനപ്രിയ സംസ്കാരവും മലയാള നാടകഗാനങ്ങളും’ എന്നതായിരുന്നു ഗവേഷണ വിഷയം. ഇതിനിടയിൽ നെറ്റും കരസ്ഥമാക്കി. ഇനി എത്രയും വേഗം സർക്കാർ അദ്ധ്യാപക ജോലി സമ്പാദിക്കണം. അമ്മയുടെ കഷ്ടപ്പാടിന് അറുതി വരുത്തണം. ആദ്യശമ്പളം കൈയിൽ കിട്ടിയിട്ട് മതി വിവാഹം. അജിത്തിന്റെ സ്വപ്നങ്ങൾ അങ്ങനെ പോകുന്നു. ഡോക്ടറേറ്റ് കിട്ടിയെന്ന് വച്ച് ആട്ടോയെ മറന്നിട്ടില്ല ഈ മുപ്പതുകാരൻ. അഞ്ചൽപ്പെട്ടി ആട്ടോ സ്റ്റാൻഡിൽ വന്നാൽ 'കുട്ടന്റെ ആട്ടോ'യിൽ സഞ്ചരിക്കാം.... (അജിത്തിന്റെ വിളിപ്പേരാണ് കുട്ടൻ). ആശിച്ച ജോലി കിട്ടുംവരെ ആട്ടോയെ കൈവിടില്ലെന്നാണ് ശപഥം.