ആലുവ: മഴയാരംഭിച്ചതോടെ ആലുവ നഗരത്തിലെ റോഡുകളെല്ലാം കുളമായി. നാട്ടുകാരും വ്യാപാരികളും പലവട്ടം പരാതി പറഞ്ഞിട്ടും നഗരസഭയും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം.
റെയിൽവേ സ്റ്റേഷൻ സ്ക്വയർ, മാർക്കറ്റിന് സമീപം സർവീസ് റോഡിൽ നിന്നും ഉളിയന്നൂർ ഭാത്തേക്ക് തിരിയുന്ന ഭാഗത്തെ റോഡ്, പവർ ഹൗസ് - ഗവ. ആശുപത്രി റോഡ് എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്ന് കിടക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പേ രൂപപ്പെട്ട കുഴിയാണ് ഉളിയന്നൂർ കവലയിലേത്. കുഴി രൂപപ്പെട്ടപ്പോൾ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ്. നടപടിയുണ്ടായില്ലെന്ന് മാത്രം. ഇതുമൂലം ഉളിയന്നൂർ ദ്വീപ് നിവാസികളടക്കം ദുരിതമനുഭവിക്കുകയാണ്. നൂറ് കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന വഴിയായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. മാർത്താണ്ഡവർമ്മ പാലത്തിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാനായി ഉളിയന്നൂർ വഴി ഏലൂക്കരയിലേക്ക് പോകുന്നവരും ദുരിതത്തിലാണ്.
ദിവസേന ഇതുവഴി പോകുന്ന വാഹനയാത്രികർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അത്രയേറെയാണ്.
#ഇരുചക്രങ്ങളുടെ അപകട കേന്ദ്രം
നാഴികയ്ക്ക് നാല്പത് വട്ടം ഈ വഴിയിലൂടെ സഞ്ചരിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം കണ്ണടക്കുകയാണ്. സ്വകാര്യ കമ്പനി കേബിൾ സ്ഥാപിക്കാൻ കുഴിച്ച ഭാഗങ്ങളാണ് മരണക്കുഴികളായത്. പമ്പ് ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ പരിസരം വരെ പലയിടത്തും ഇത് തന്നെയാണ് അവസ്ഥ. പവർ ഹൗസ് - ഗവ. ആശുപത്രി റോഡിലെ കുഴികളും സ്വകാര്യ കമ്പനി കേബിൾ വലിച്ചതിനെ തുടർന്ന് രൂപപ്പെട്ടത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു.ഇനിയും ഒരു ജീവൻ കൂടി പൊലിഞ്ഞാൽ മാത്രമേ അധികാരികൾ കണ്ണ് തുറക്കൂ.
#ജനപ്രതിനിധികളും ഇക്കാര്യം പരിഹരിക്കാൻ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥർ നിഷേധാത്മക നിലപാട് മാറ്റി എത്രയും വേഗം തകർന്ന റോഡ് നന്നാക്കാൻ തയ്യാറാക്കണമെന്നും അല്ലാത്തപക്ഷം സമരം ആരംഭിക്കും
ഹരീഷ് പല്ലേരി, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്
#നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ 'മരണക്കുഴി' കണ്ടില്ലെന്ന് നടിക്കുന്നവരെ ചാട്ടവാറിനടിക്കണം. ജനപ്രതിനിധികളെ പിടിച്ചു നിർത്തി കുഴികൾ നികത്തുന്നതിന് നടപടി സ്വീകരിക്കണം.
ടോമി അഗസ്റ്റിൻ മാഞ്ഞൂരാൻ കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ജില്ലാ കമ്മിറ്റി അംഗം