police
എളമക്കര പൊലീസ് സ്റ്റേഷൻ

മഴയിൽ കുതിർന്ന് എളമക്കരസ്റ്റേഷൻ കെട്ടിടം

ഇടപ്പള്ളി: എളമക്കര പൊലീസ് സ്റ്റേഷൻ ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പിനേക്കാൾ ദയനീയം.

നാലു മുറി വാടക കെട്ടിടം കാറ്റിലും മഴയിലും നിലംപൊത്തിയാലും അത്ഭുതപ്പെ

ടേണ്ട. അത്രയ്ക്ക് ദയനീയമാണ്അവസ്ഥ. ജില്ലയിൽ ഇത്രയും അസൗകര്യങ്ങളുള്ള ഒരു പോലീസ് സ്റ്റേഷൻ വേറെയില്ല.

പിന്നിലെ മുറികളിൽ ചോർന്നൊലിച്ച മഴവെള്ളം കെട്ടിക്കിടക്കുന്നു. കേസ് രജിസ്റ്ററുകളും മറ്റും സൂക്ഷിച്ചു വയ്ക്കാൻ പോലും ഇടമില്ല. ഉള്ളവയെല്ലാം വലിച്ചുവാരി മറ്റൊരു മുറിയിൽ ഇട്ടിരിക്കുകയാണ്. കുടുസുമുറികൾക്കുള്ളിൽ പൊലീസുകാർക്ക് നിന്നുതിരിയാൻ ഇടമില്ല. . രണ്ടു വനിതാ പൊലീസുകാർ ഉൾപ്പെടെ പതിനെട്ടു ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളും പരിതാപകരം. രാത്രി കിടന്നുറങ്ങുന്നത് കെട്ടിടത്തിന് മുകളിലെ ഇരുമ്പ് ഷീറ്റിനു കീഴിലും.
മാസം 25,000 രൂപ വാടക നൽകുന്ന കെട്ടിടമാണിത്. അറ്റകുറ്റപണികൾ നടത്താറില്ല. സബ്ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുള്ള ഈ സ്റ്റേഷൻ എളമക്കര താന്നിക്കൽ റോഡിൽ 2014ൽ തുടങ്ങി.

സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറുന്ന കാര്യം ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തെങ്കിലുംനടപടിയില്ല.

.നഗരത്തിലെ മൂന്നു വില്ലേജുകൾ അധികാര പരിധിയിൽ വരുന്ന സ്റ്റേഷനിൽ കേസുകൾക്ക് ഒരു കുറവുമില്ല. ഇടപ്പള്ളി ജംഗ്ഷനും ബൈപ്പാസിന്റെ ഭാഗങ്ങളും സ്റ്റേഷന്റെഅധികാരപരിധിയിലാണ്.

പ്രതികളെ പിടിച്ചാൽ പൊലീസുകാർക്ക് ചങ്കിടിപ്പാണ്. ലോക്കപ്പ് ഇല്ല. . നിവൃത്തിയില്ലെങ്കിൽ പ്രതികളെ കളമശേരി സ്റ്റേഷനിലേക്ക് മാറ്റും.ക്രിമിനൽ കേസുകൾ ഉൾപ്പടെ മാസം ഇരുന്നൂറോളം കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യുന്നുണ്ട്.

പൊലീസ് വണ്ടിയും റോഡിൽ

സ്റ്റേഷന് രണ്ടു വണ്ടി അനുവദിച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമായി ഇടാൻ സ്ഥലമില്ല. റോഡിലാണ് പാർക്കിംഗ്. കസ്റ്റഡിയിൽ എടുക്കുന്ന വാഹങ്ങളുടേയും അവസ്ഥ ഇതു തന്നെ. റോഡരികിൽ ഇവ വഴിയാത്രക്കാർക്കും ദുരിതം സമ്മാനിക്കുന്നു. നോക്കിയിരുന്നില്ലെങ്കിൽ കളവു പോകാനും സാദ്ധ്യത ഏറെ.

. സ്ഥലം കിട്ടിയാൽ കെട്ടിടം പണിയാമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഇതു സംബന്ധിച്ച റിപ്പോർട്ട്‌ നിരവധി തവണ മേലധികാരികൾക്കു നൽകിയിട്ടുണ്ട്.

നാലു മുറി വാടക കെട്ടിടത്തിൽ സർവത്ര ചോർച്ച

തൊണ്ടി മുതലുകൾ സൂക്ഷിക്കാനിടമില്ല

പ്രതികളെ സൂക്ഷി​ക്കുന്നത് സാധാരണമുറി​യി​ൽ