കൊച്ചി: മുളവുകാട് സർവീസ് റോഡിലെ വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിന് ഏഴ് കലുങ്കുകളുടെ ഉയരം കുറയ്ക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. കണ്ടെയ്നർ റോഡിലെ സർവീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.

റോഡിന്റെ ഉയരത്തിൽ അശാസ്ത്രീയമായ രീതിയിൽ കാന നിർമ്മിക്കുന്നത് പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുസഹമാക്കുകയാണ്. മഴവെള്ളം വീടുകളിലേക്ക് കയറി ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളക്കെട്ട് മൂലം സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനുള്ള സാദ്ധ്യതയും ഏറെയാണ്. കണ്ടെയ്നർ റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് റോഡ് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പ്രദേശവാസികൾ കളക്ടറോട് പരാതി പറഞ്ഞു. ദേശീയപാത അധികാരികളുടെ അനുവാദം കിട്ടിയാൽ ഉടനെ തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്ന് കളക്ടർ ഉറപ്പുനൽകി.
സർവീസ് റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് ആരംഭിച്ച ടോൾപിരിവ് നിർത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. എന്നാൽ ടോൾ പിരിവ് നിർത്തുന്നതിന് തീരുമാനം എടുക്കാൻ തനിക്ക് അധികാരമില്ലെന്ന് കളക്ടർ വ്യക്തമാക്കി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.
കണ്ടെയ്നർ റോഡിലെ സർവീസ് റോഡിലെ അനധികൃത പാർക്കിംഗ് തടയുന്നതിനായി എം.പി, എം.എൽ.എ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഡ്രൈവേഴ്സ് യൂണിയൻ, ഓപ്പറേറ്റേഴ്സ് യൂണിയൻ, ഗ്രാമ പഞ്ചായത്ത് എന്നിവരെ ഉൾപ്പെടുത്തി ഉടനെ യോഗം വിളിക്കുമെന്ന് കളക്ടർ പറഞ്ഞു.