നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിദേശനാണയ വിനിമയ ഏജൻസിയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രണ്ട് വർഷത്തിനിടെ 14.5 കോടി രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇതുസംബന്ധിച്ച് സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു വിദേശ നാണയ വിനിമയ എജൻസിക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. ഒരു വിദേശ യാത്രക്കാരന് വിമാനത്താവളത്തിൽ പരമാവധി 25000 രൂപയുടെ വിദേശ കറൻസി ഇടപാട് നടത്താൻ മാത്രമാണ് നിയമപരമായി അനുമതിയുള്ളത്. ഇതിനായി യാത്രക്കാരന്റെ പാസ്‌പോർട്ട് നമ്പർ അടക്കമുള്ള യാത്രാവിവരങ്ങളും നൽകണം. എന്നാൽ നിയമം ലംഘിച്ച് ഒരു പാസ്‌പോർട്ടിൽ രണ്ട് മുതൽ അഞ്ച് വരെ ഇടപാടുകൾ നടന്നിട്ടുള്ളതായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
സാമ്പത്തിക കുറ്റകൃത്യം എന്ന നിലയിൽ റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കുകയും തുടരന്വേഷണം റിസർവ് ബാങ്കിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയുമായിരുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന വൻ തോതിലുള്ള ഹവാല ഇടപാടുകളിലും സ്വർണക്കടത്തിലും ഇത്തരം സ്ഥാപനങ്ങൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി നേരത്തെ ഇന്റലിജൻസ് വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ക്രമക്കേടുകൾ നടത്തി സ്വരൂപിച്ച വിദേശ നാണയങ്ങളാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്.
വിമാനത്താവളത്തിന് പുറത്ത് പ്രവർത്തിക്കുന്ന അനധികൃത വിദേശ നാണയ ഇടപാടുകാരുമായി ആരോപണ വിധേയമായ സ്ഥാപനത്തിന് ബന്ധമുണ്ടോയെന്നും സംശയമുണ്ട്. അടുത്തിടെയായി അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.