നെടുമ്പാശേരി: ശക്തമായ മഴയിൽ വീടിനോടു ചേർന്നുള്ള മതിലിടിഞ്ഞ് പാറമടയിൽ വീണ വീട്ടമ്മയ്ക്ക് അയൽക്കാരായ അച്ഛനും മകനും രക്ഷകരായി. മാമ്പ്ര പാവട്ടാട്ടുകുന്നിൽ ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള മടയിലേക്ക് വേസ്റ്റ് ഇടുന്നതിനിടയിൽ മതിലിടിഞ്ഞ് വീഴുകയും,100 അടി താഴ്ച്ചയുള്ള മടയിലേക്ക് വീട്ടമ്മ വീഴുകയുമായിരുന്നു.
ക്വാറിയിൽ അമ്പത് അടിയോളം വെള്ളമായിരുന്നു. പള്ളിപ്പാടൻ വീട്ടിൽ ബെന്നിയുടെെ ഭാര്യ അൽഫോൻസ (45) യാണ് വീണത്. ശബ്ദം കേട്ട് എത്തിയ അയൽവാസികളായ മാമ്പ്ര പാവട്ടാട്ട്കുന്ന് മൈലാടത്ത് എം.പി. ശശി, മകൻ അമൽജിത്ത് ശശിയുമാണ് അൽഫോൻസയ്ക്ക് രക്ഷകരായത്. അൽഫോൻസ പാറമടയിലേയ്ക്ക് വീഴുന്നത് കണ്ട് പിന്നാലെ തന്നെ ഇരുവരും ക്വാറിയിലേക്ക് ചാടുകയായിരുന്നു. അൽഫോൻസായെ പിടിച്ചു നിർത്തിയ ശേഷം നാട്ടുകാർ മുകളിൽ നിന്ന് എറിഞ്ഞ് കൊടുത്ത പഴയ ടയർ ട്യൂബിൽ അവരെ കരയിലേക്ക് കയറ്റി.അങ്കമാലി ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു.