ksrtc
കെ.എസ്.ആർ.ടി.സി ഡിപ്പോ പൂർണ്ണമായും പൊളിച്ചു നീക്കിയ അവസ്ഥയിൽ

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ച ഭാഗത്ത് താത്കാലിക ബസ് ഷെൽട്ടർ നിർമ്മിക്കും. കഴിഞ്ഞ ദിവസം ചേർന്ന കരാർ ഏജൻസിയുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. ബസ് ഷെൽട്ടർ നിർമ്മാണത്തോടൊപ്പം തന്നെ നവീകരണവും ആരംഭിക്കും.

തുടർന്ന് കെട്ടിടം നിലനിന്നിരുന്ന സ്ഥലത്താണ് ബസ് ഷെൽട്ടർ പണിയുന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴക്കട വ്യാപാരി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കെട്ടിടം പൊളിക്കൽ രണ്ടാഴ്ച കൂടി വൈകിയത്. വർധിപ്പിച്ച വാടക പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി കേസിന് പോയത്. ഈ കേസ് മുഴുവനായി തീരുന്നതിന് മുമ്പേ സംഭവഗതികളറിയാത്ത ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു.

കെട്ടിടം പൊളിക്കൽ ആരംഭിച്ച ശേഷം ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലാണ് നിൽക്കുന്നത്. വെയിലും മഴയും കൊണ്ട് നിൽക്കുന്നവരുടെ മുന്നിൽ പലയിടത്തായാണ് ബസുകൾ നിർത്തുന്നത്. ഏത് ബസ് എപ്പോൾ വരുമെന്ന് അന്വേഷിക്കാൻ ഒരു സഹായ കേന്ദ്രവും ഇല്ല. ബസ് ഷെൽട്ടർ വരുമ്പോൾ ഇതിനൊരു പരിഹാരമാകുമെന്നാണ് യാത്രക്കാരും പ്രതീക്ഷിക്കുന്നത്.

നിലവിൽ പഴയ കെട്ടിടം പൊളിച്ചതോടെ ബസ് സ്റ്റാൻഡിന്റ് പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. പകരം ഫാസ്റ്റ് പാസഞ്ചർ ബസൊഴികെയുള്ളവ സ്റ്റാൻഡിന് മുന്നിലൂടെ പോകുകയാണ്. കോതമംഗലം ഫയർ സ്റ്റേജ് ബസുകൾ പമ്പുകവല വഴിയുമാണ് പോകുന്നത്.

#നിർമ്മാണത്തിലുടെ പരസ്യചെലവ് കണ്ടെത്തും.

#ഇന്ന് ഉച്ചയോടെ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായി മാറ്റും.

# 6കോടി ചെലവ്

#ഒന്നരവർഷം കൊണ്ട് പൂർത്തികരിക്കും