കോലഞ്ചേരി: സഭാതർക്കവും സെമിത്തേരിയിലെ ശവമടക്ക് സംഘർഷങ്ങളും മൂലം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇതിന്പിന്നാലെ നടക്കുന്നത് കൊണ്ട് സർക്കാർ ഖജനാവിനുണ്ടാകുന്ന അനാവശ്യ ചെലവ് കോടികളും.

സുപ്രീംകോടതി വിധിയെ തുടർന്ന് മേഖലയിലെ സഭയുടെ മലങ്കര സഭയിലെ പ്രമുഖ പള്ളികളിലെല്ലാം തന്നെ ദിനംപ്രതിയെന്നോണം സംഘർഷമാണ്. നാട്ടിലെ ക്രമസമാധാന പാലനത്തിന് സമയമില്ലെന്ന അവസ്ഥയിലാണ് പൊലീസ്.

യാക്കോബായ ഓർത്തഡോക്സ് സംഘർഷത്തിന്റെ മുഖ്യവേദി ഇപ്പോൾ സെമിത്തേരികളാണെന്നതാണ് യാഥാർത്ഥ്യം. പള്ളികളിൽ ആധിപത്യം സ്ഥാപിക്കാൻ മൃതദേഹങ്ങൾ കൊണ്ടുള്ള വിലപേശലുകളാണ് അരങ്ങേറുന്നത്. പള്ളികൾ പലതും ഓർത്തഡോക്സ്പക്ഷക്കാരുടെ നിയന്ത്രണിലായെങ്കിലും ആൾബലത്തിൽ യാക്കോബായക്കാരുടെ മുന്നിൽ ഒന്നുമല്ല അവർ.

യാക്കോബായ സഭാ ആസ്ഥാനമായ പുത്തൻകുരിശ് മേഖലയിലാണ് പ്രശ്നങ്ങൾ രൂക്ഷം.

ഇവിടെ പൊലീസിന്റെ പ്രധാന പണി തന്നെ സഭാകേസുകളിലാണ്. കടമറ്റം, കണ്ണ്യാട്ടു നിരപ്പ് പള്ളികളുടെ താക്കോൽ വരെ പൊലീസിന്റെ കൈയ്യിലാണ്.

കോടതി വിധിക്കനുസരിച്ച് സമയക്രമം പാലിച്ച് പള്ളി തുറന്നു നല്കേണ്ട ബാധ്യതയും പൊലീസിനാണ്.

ഞായറാഴ്ചകൾ തോറും മറ്റു തർക്കം നില്ക്കുന്ന കോലഞ്ചേരി, വരിക്കോലി, പഴന്തോട്ടം പള്ളികളിലും പൊലീസ് കണ്ണു വേണം.

ജൂലായ് 3 ലെ സുപ്രീം കോടതി വിധിക്കു ശേഷം തുടങ്ങിയ തർക്കങ്ങൾ പൊലീസിന് ദൈനം ദിന ജോലികൾക്കു പോലും തടസമായി.

പുത്തൻകുരിശ് മേഖലയിൽ ആഴ്ചയിൽ പത്തിലധികം സഭാ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടി വരുന്നുണ്ട്. ഇവയുടെ മൊഴിയെടുക്കലും കേസന്വേഷണവും തന്നെ പിടിപ്പതു ജോലിയാണ്.

സ്വകാര്യ ആവശ്യങ്ങൾക്കോ മറ്റു കോടതി നിർദ്ദേശ പ്രകാരമോ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നാലു മണിക്കൂർ ജോലിയ്ക്കായി സി.ഐ(3035), എസ്.ഐ (2045), എ.എസ്.ഐ (1495),സീനിയർ സി.പി ഒ (995), സി.പി.ഒ(555), മറ്റുള്ളവർ (390) എന്നീ നിരക്കിലുളള തുക നല്കണം. പൊലീസ് പ്രൊട്ടക്ഷനും ഇതേ നിരക്കാണ്.

ഒരു ശവസംസ്ക്കാര തർക്കത്തിനു മാത്രം എത്തുന്നത് പത്തിലേറെ സി. ഐ മാരും ഇരുപതിലേറെ എസ്.ഐ മാരും നാല്പതിലധികം എ.എസ്.ഐ മാരും മുന്നൂറിലധികം പൊലീസുമാണ്. ഇത് മാത്രം നോക്കിയാൽ സഭ തർക്ക പരിഹാരത്തിന് സർക്കാർ ഖജനാവിൽ നിന്നും പ്രതിദിനം മുടക്കുന്നത് ലക്ഷങ്ങളുടെ നികുതി പണം. വാഹനങ്ങളും അവയ്ക്കു വേണ്ട ചിലവുകളും വേറെ. മറ്റ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമ്പോൾ അവിടെയും പലവിധ പ്രശ്നങ്ങൾ.

സഭാ തർക്കമുള്ള ഇടവകകളിൽ ഇപ്പോൾ മരിക്കുന്നവരാണ് ഭാഗ്യവാന്മാർ. സർക്കാർ ചിലവിൽ പൊലീസ് അകമ്പടിയോടെ അന്ത്യകർമ്മങ്ങൾ നടക്കും.

സഭാതർക്കം

1908 ൽ വട്ടശ്ശേരിൽ മാർ ദിവന്യാസിനെ അന്തോഖ്യ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ മുടക്കിയതു മുതലാണ് തർക്കം തുടങ്ങിയത്. പാത്രിയാർക്കീസ് ബാവയെ അനുകൂലിച്ചവർ ബാവ കക്ഷിയും, വട്ടശ്ശേരിൽ ദിവന്യാസോസിനെ അനുകൂലിച്ചവർ മെത്രാൻ കക്ഷിയുമായി. ഇതിൽ ബാവ കക്ഷി യാക്കോബായ സഭയും, മെത്രാൻ കക്ഷി മലങ്കര സഭയുമായി. അന്നു മുതൽ തുടങ്ങിയ തർക്കമാണ് നാളിതു വരെ ഒരു പരിഹാരവുമില്ലാതെ കേസുകളും കേസിൻമേൽ കേസുമായി നില്ക്കുന്നത്. സുപ്രീം കോടതിയുടെ അന്തിമവിധി ഓർത്തഡോക്സ്പക്ഷത്തിന് അനുകൂലമായിവന്നിട്ടും ഒന്നിനും പരിഹാരമാവുന്നില്ല.