കൊച്ചി: കാലവർഷം ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. എടവനക്കാട് മതിൽ ഇടിഞ്ഞുവീണ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ തങ്കവേലു (32) മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാലടി, മറ്റൂർ, കുമ്പളങ്ങി എന്നിവിടങ്ങളിൽ കനത്ത മഴയിൽ ഏഴു വീടുകൾ ഭാഗികമായി തകർന്നു. പെരിയാർ, മൂവാറ്റുപുഴയാറുകൾ കരകവിഞ്ഞൊഴുകുകയാണ്. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി.
ആലങ്ങാട് പഞ്ചായത്തിൽ തിരുവാലൂർ ഗവ. എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പുറമ്പോക്ക് കനാലിന്റെ സമീപത്തുള്ള രണ്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ചെല്ലാനത്ത് കടലാക്രമണം തുടരുന്നു. അമ്പതിലധികം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപഴ മേഖലയിലാണ് കനത്ത മഴയിൽ കൂടുതൽ ദുരിതം നേരിടുന്നത്. ഇവിടെ മരങ്ങൾ വീണും വീടുകൾ തകർന്നു.
അവലോകന യോഗം ഇന്ന്
വെള്ളപ്പൊക്ക മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള അവലോകനയോഗം ഇന്ന് മൂവാറ്റുപുഴ നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 9.30 ന് എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജന പ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കും. കാലവർഷം സജീവമായതോടെ വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന മൂവാറ്റുപുഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമാണ് യോഗം.