ആലുവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ആലുവ ജനസേവ ശിശുഭവന് ആശ്വാസം പകർന്ന് പുതിയ ജില്ലാ കളക്ടർ എസ്. സുഹാസ്. 14 മാസം മുമ്പ് ജനസേവ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തെങ്കിലും ദൈനദിന ചെലവുകൾ ഇപ്പോഴും നിർവഹിക്കുന്നത് ജനസേവ തന്നെയാണ്.
എന്നാൽ ജനസേവയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതോടെ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം നിലച്ചു.
ജനസേവ ഏറ്റെടുത്ത നടപടിക്കെതിരായ കേസ് സർക്കാർ വിഭാഗം അഭിഭാഷകർ ഹൈക്കോടതിയിൽ നീട്ടിക്കൊണ്ടുപോകുകയാണെന്നും ജനസേവ ആരോപിച്ചു. ജനസേവയിൽ സംരക്ഷിച്ചുവന്നിരുന്ന കുട്ടികളെ കാണാതായെന്നും ഇതരസംസ്ഥാനക്കാരായ കുട്ടികളെ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപിച്ചാണ് ജനസേവ സർക്കാർ ഏറ്റെടുത്തത്.എന്നാൽ പിന്നീട് സർക്കാർ സഹായങ്ങളൊന്നും ലഭിച്ചില്ല. സാമൂഹ്യനിതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിലും പിന്നീട് ജനസേവയുടെ രണ്ടു ഹോമുകളുടെയും മേൽനോട്ടത്തിനായി സർക്കാരുദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ജില്ലാകളക്ടറുടെ ഉത്തരവിലും ജനസേവയിൽ താമസിക്കുന്ന കുട്ടികളുടെ ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം എന്നിവയെല്ലാം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതൊന്നും നാളിതുവരെ നടപ്പായില്ലെന്നാണ് പരാതി.
#ജനസേവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചെലവാക്കിയ പണം സർക്കാരിൽനിന്നും ആവശ്യപ്പെട്ട് മുൻ കളക്ടർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
#സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ കളക്ടറെ സമീപിച്ചത്. പരിഹരിക്കാമെന്ന് കളക്ടർ ഉറപ്പ് നല്കി. നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് കളക്ടർ പരാതി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കൈമാറിയിട്ടുണ്ട്.