കൊച്ചി: ടാറിംഗ് കാണാനേയില്ല. കലങ്ങി മറിഞ്ഞ് കിടക്കുന്ന ചെളിക്കുളത്തിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. ഓരോ ദിവസം കഴിയും തോറും കുഴിയുടെ എണ്ണവും വലിപ്പവും കൂടുന്നു. നഗരത്തിലെ റോഡുകളുടെ അവസ്ഥയാണിത്. നല്ല റോഡുകൾ വെട്ടിപൊളിച്ച് കുളമാക്കിയവരെ കാണാനുമില്ല. ജില്ലാ കളക്‌ടർ അധികൃതർക്ക് അന്ത്യശാസനം നൽകിയെങ്കിലും റോഡുകൾ പഴയപടി തന്നെ.
വൈറ്റിലയിൽ വീണില്ലെങ്കിൽ ഭാഗ്യം
ബൈക്ക് യാത്രികർ തെന്നിവീണില്ലെങ്കിൽ ഭാഗ്യം. ഒരു കുഴിയിൽ നിന്ന് അടുത്ത കുഴിയിലേക്കാണ് ചാട്ടം. ഫ്‌ളൈ ഓവർ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഈ ഭാഗങ്ങളിൽ രൂക്ഷമാണ്. അതിന്റെ കൂടെയാണ് കുഴിയും ചെളിയും. ഇതിലെ നടന്നു പോകുന്നത് ഒരു ഭാഗ്യ പരീക്ഷണമാണ്. ചെളിയിൽ തെന്നി വീണില്ലെങ്കിൽ രക്ഷപ്പെട്ടു. ഫ്‌ളൈഓവർ നിർമ്മാണം നടക്കുന്ന കുണ്ടന്നൂരും സമാന അവസ്ഥ. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തത് വെള്ളക്കെട്ടിനും ഇടയാക്കുന്നു.
ചെളിയോ ചെളി
തമ്മനം - വൈറ്റില, തേവര - തേവര ഫെറി റോഡുകൾ ചെളിക്കുളമാണ്. പൈപ്പുകൾ ഇടാനായി വാട്ടർ അതോറിറ്റി വെട്ടിപൊളിച്ചതോടെയാണ് ദുരിതക്കയമായത്. പൈപ്പ് ഇട്ടതിനു ശേഷം മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്‌തത്. മഴ ശക്തമായതോടെ മണ്ണ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുക കൂടി ചെയ്‌തതോടെ ചെളിമൂലം നടന്നു പോകാൻ പോലും കഴിയില്ല. ബൈക്ക് യാത്രികർ തെന്നിവീഴുകപതിവാണ്.
എസ്.ആർ.വി റോഡിൽ വെള്ളപ്പൊക്കം
എസ്.ആർ.വി റോഡിൽ വെള്ളപ്പൊക്കമാണ്.കാന വഴി വെള്ളമൊഴുകാതെ റോഡിൽ പരന്നിരിക്കുകയാണ്. കൊച്ചി റിഫൈനറിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഈ റോഡും വെട്ടിപൊളിച്ചിരുന്നു. അതിനുശേഷമുള്ള നിലവാരമില്ലാത്ത ടാറിംഗ് റോഡ് തകരാനിടയാക്കി. ഇപ്പോൾ റോഡിന് നടുവിൽ വലിയ ഗർത്തമാണ്. ജസ്‌റ്റിസ് കോശി അവന്യൂ റോഡിന്റെ സ്ഥിതിയും സമാനമാണ്. ഈ രണ്ടു റോഡുകളും മികച്ച നിലവാരത്തിൽ ഡി.എം.ആർ.സി പണിതതായിരുന്നു. ഹാേസ്‌പിറ്റൽ റോഡും തകർന്നു.
എം.ജി റോഡ് സൂപ്പറാ..പക്ഷേ
എം.ജി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാനകൾ കണ്ടാൽ സൂപ്പറാ. ഉയരം കൂട്ടി തിളങ്ങുന്ന ടൈലുകൾ പാകിയതിനാൽ കാൽനട യാത്ര സുഗമമാണ്. എന്നാൽ കണക്‌ടിവിറ്റിയില്ലാത്തതിനാൽ കാനയ്‌ക്കുള്ളിലൂടെ വെള്ളമൊഴുക്ക് പഴയ പടി തന്നെ. റോഡിൽ വീഴുന്ന വെള്ളം കാനയിലേക്ക് പോകുന്നുമില്ല. ഇതോടെ എം.ജി റോഡിലെ വെള്ളക്കെട്ട് പഴയ പടി തന്നെ. പത്തു മിനിട്ട് മഴ നീണ്ടു നിന്നാൽ പലയിടത്തും നീന്തി കടക്കേണ്ടി വരും.