metro
മഹാരാജാസ് സ്റ്റേഷനിൽ നിന്ന് എറണാകുളം സൗത്ത് വരെ പരീക്ഷണ ഓട്ടം നടത്തിയ മെട്രോ ട്രെയിനുകൾ

കൊച്ചി : സ്വാതന്ത്ര്യദിനത്തിൽ തൈക്കൂടം വരെ മെട്രോ ട്രെയിൻ ഓടാൻ കഴിയുന്ന വിധത്തിൽ ട്രാക്ക് നിർമ്മാണം പുരോഗമിക്കുന്നു. സാങ്കേതിക തടസങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ ഓണത്തിന് യാത്രക്കാരുമായി തൈക്കൂടം വരെ മെട്രോ ഓടിത്തുടങ്ങും. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ കാൻഡിലിവർ പാലത്തിന്റെ ബലപരിശോധന പൂർത്തിയായാൽ പരീക്ഷണയോട്ടം ആരംഭിക്കും.

മഹാരാജാസ് മുതൽ തൈക്കൂടം വരെ മെട്രോ റെയിൽ നിർമ്മാണം ലക്ഷ്യമിട്ടതിലും വൈകിയാണ് നടക്കുന്നത്. ജൂലായിൽ സർവീസ് ആരംഭിക്കാൻ കഴിയുന്ന വിധം പൂർത്തിയാക്കുകയായിരുന്നു നിർമ്മാണച്ചുമതല വഹിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) ആദ്യം ലക്ഷ്യമിട്ടിരുന്നത്. വിവിധ കാരണങ്ങളാൽ നിർമ്മാണം വൈകി.

മഹാരാജാസ് മുതൽ തൈക്കൂടംവരെ ട്രാക്കും സിഗ്നലിംഗ് സംവിധാനങ്ങളും ഒരുക്കുന്നത് അന്തിമഘട്ടത്തിലാണ്. ഒരു വശത്തെ ട്രാക്ക് നിർമ്മാണം പൂർത്തിയായി. ഒരു വശത്ത് ഏതാനും കിലോമീറ്റർ നിർമ്മാണം മാത്രമാണ് ബാക്കിയുള്ളത്. സ്വാതന്ത്ര്യദിനത്തിൽ തൈക്കൂടംവരെ പരീക്ഷണയോട്ടം നടത്തുകയാണ് ലക്ഷ്യമെന്ന് ഡി.എം.ആർ.സി വൃത്തങ്ങൾ പറഞ്ഞു. ഓണത്തിന് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ) ഡി.എം.ആർ.സിയും ലക്ഷ്യമിടുന്നത്.

# സിഗ്നൽ സ്ഥാപിക്കുന്നു

സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ട്രെയിൻ നിർമ്മിച്ചുനൽകുന്ന അൽസ്റ്റോം കമ്പനി തന്നെയാണ് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്ന കരാറുകാരും. മഴയും ബില്ലുകൾ മാറിക്കിട്ടുന്നതിലെ താമസവും പണികളെ ഇടയ്ക്ക് ബാധിച്ചെങ്കിലും നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനങ്ങളും സ്ഥാപിച്ചുവരികയാണ്. തേർഡ് റെയിൽ ഉൾപ്പെടെ വൈദ്യുത വിതരണ സംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലിയും വേഗത്തിലാണ്.

# സ്റ്റേഷനുകൾ അന്തിമഘട്ടത്തിൽ

സ്റ്റേഷനുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. സ്റ്റേഷനുകളുടെ സിവിൽ ജോലികൾ പൂർത്തിയായി. ലിഫ്റ്റ് ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥാപിച്ചുവരുന്നു. വൈറ്റിലയിലാണ് ഏറ്റവും വലുതും വിപുലവുമായ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഹബിനോട് ചേർന്ന സ്റ്റേഷന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

# പാലത്തിന്റെ ബലം പഠിക്കുന്നു

സൗത്ത് റെയിൽവെ സ്റ്റേഷനോട് ചേർന്ന് ട്രാക്കുകൾക്ക് കുറുകെ നിർമ്മിച്ച മെട്രോ പാലത്തിന്റെ ബലം പരിശോധിക്കുന്നത് തുടരുകയാണ്. ഞായറാഴ്ച ഒരു ട്രെയിൻ പാലം വരെ ഓടിച്ചു. ഇന്നലെ മറ്റൊരു ട്രെയിനും പാലത്തിലെത്തിച്ചു. യാത്രക്കാരുടെ ഭാരത്തിനനുസരിച്ച് മണൽച്ചാക്ക് അടുക്കിയ ട്രെയിനുകളാണ് ഓടിക്കുന്നത്. കാൻഡിലിവർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച പാലത്തിന്റെ ബലമാണ് രണ്ടു ട്രെയിനുകൾ നിർത്തിയിട്ട് പഠിക്കുന്നത്. ഫലം വിലയിരുത്തി പാലം കടത്തി ട്രെയിൻ ഓടിക്കാനാണ് പദ്ധതി.

# അനുമതി വൈകില്ല

റെയിൽവെ ചീഫ് സേഫ്റ്റി കമ്മിഷണറുടെ പരിശോധനകൾ പൂർത്തിയാക്കി അനുമതിപത്രം ലഭിച്ചാലേ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാൻ കഴിയൂ. സിഗ്നൽ ജോലികൾ പൂർത്തിയായാലുടൻ ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിക്കും.

മഹാരാജാസ് തൈക്കൂടം : 6 കിലോമീറ്റർ

ട്രാക്ക് പൂർത്തിയായത് : 90 ശതമാനം

സിഗ്നൽ പൂർത്തിയായത് : 70 ശതമാനം

സ്റ്റേഷനുകൾ : എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം.