ജോൺ കാലടി
കാലടി: കാലടി ഗ്രാമ പഞ്ചായത്തിലെ ജോർദ്ദനാപുരത്തെ അമ്മയുടെയും, മകന്റെയും ഒറ്റമുറി വീട് മഴയത്ത് തകർന്ന് വീണു. ഭർത്താവ് ഉപേക്ഷിച്ച മഠത്തിപ്പറമ്പിൽ രുഗ്മിണിയുടെയും മകൻ സുധീഷിന്റെയും ഏക ആശ്രയമാണ് ഇന്നലെ ഉച്ചക്ക് നിലംപ്പൊത്തിയത്. വെട്ട് കല്ല് ഉപയോഗിച്ച് മണ്ണ് കുഴച്ച് നിർമ്മിച്ച ഈ ഓട്പുരക്ക് നാൽപ്പത് വർഷത്തെ പഴക്കമുണ്ട്. അപസ്മാര രോഗിയായ മകനും ,നിത്യരോഗിയായ അമ്മയും നാട്ടുകാരുടെ സഹാായം കൊണ്ട് മാത്രമാണ് കഴിയുന്നത്. ചാക്ക് കൊണ്ട് മറച്ച ഒറ്റ കുഴി കക്കൂസിന് പകരം നല്ലൊരു കക്കൂസിന് അപേക്ഷിച്ചിട്ട് പോലും പഞ്ചായത്ത് സഹായിച്ചില്ലെന്ന് സുധീഷ് പറഞ്ഞു. അപസ്മാര രോഗമുള്ളതിനാൽ ജോലിക്ക് പോകാനാകാതെ കഷ്ട്ടപ്പെടുകയാണ് ഈ യുവാവ്.വീട് തകർന്നതോടെ അടുത്ത ബന്ധുക്കളുടെ വീട്ടിലും അയൽപക്കത്തും മാറി മാറി കഴിയുകയാണ് ഈ കുടുംബം .തോട്ടകം എസ്.എൻ.ഡി.പി. ശാഖാ ആർ. ശങ്കർ ശ്രീനാരായണ കുടുംബ യൂണിറ്റ് അംഗങ്ങളാണ് രുഗ്മിണിയും മകൻ സുധിഷും.
#ലൈഫ് മിഷൻ പദ്ധതിയിലും, ചാരിറ്റി ക്ലബ്ബുകളിലും വീട്ടിനായി അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
സോഫിവർഗീസ്, വാർഡ് മെമ്പർ.
#സഹായം ലഭിച്ചില്ല
തേയ്ക്കാത്ത ഭിത്തികളിൽ നനവ് പറ്റിയും, കഴക്കോലും ഉത്തരവും ജീർണ്ണിച്ചും, വീട് നിലംപൊത്തുകയാായിരുന്നു. പഞ്ചായത്തിൽ നിന്നോ, സർക്കാരിൽ നിന്നോ ഒരു ചില്ലി കാശ് പോലും ഈ കുടുംബത്തിന് ഇത് വരെയും ലഭിച്ചിട്ടില്ലെന്ന് രുഗ്മിണി പറഞ്ഞു. തൊട്ടടുത്ത സെന്റ് റോക്കിസ് പള്ളിയിൽ നിന്നും ലഭിച്ച തുക കൊണ്ട് വീട് അടുത്തയിടെ പൊളിച്ചിറക്കി എന്നാൽ പഞ്ചായത്ത് അധികൃതർ ഈ സഹായവും തടയുകയായിരുന്നു.