മൂവാറ്റുപുഴ: ദൂരം വെറും മൂന്നുകിലോമീറ്ററേയുള്ളു. അതും മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാനറോഡ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏറെ തിരക്കേറിയ വാഴക്കുളം - കാവന റോഡിനെക്കുറിച്ചാണ് പറയുന്നത്. റോഡ് തകർന്ന് തരിപ്പണമായിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കാലവർഷം ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ഇതിലൂടെ കാൽനടയാത്രപോലും അസാദ്ധ്യമായി. റോഡ് സംരക്ഷിക്കാൻ നടപടിയെടുക്കാത്ത അധികാരികൾക്കെതിരെ ജനരോഷം രൂക്ഷമായി. ഇതിനേക്കാൾ അപ്രധാനമായ റോഡുകളുടെ നിർമ്മാണം യഥാസമയം നടക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതിലൂടെയുള്ള സ്വകാര്യബസുകൾ ഓടാതിരിക്കുകയോ ട്രിപ്പുമുടക്കുകയോ ചെയ്യുന്നതും പതിവായി.
# അവഗണിക്കുന്നത് മൂന്നുകിലോമീറ്റർ റോഡിനെ
വാഴക്കുളത്തു നിന്നാരംഭിക്കുന്ന വാഴക്കുളം - കാവന റോഡ് ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന തൊടുപുഴ - പണ്ടപ്പിള്ളി റോഡിലെ മഠം കവലയിൽ എത്തിചേരുന്നു. മഞ്ഞള്ളൂർ , ആവോലി , ആരക്കുഴ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്ന നിലയിലാണ്. വലിയ ഗർത്തങ്ങളാണ് റോഡിൽ രൂപപ്പെട്ടിട്ടുള്ളത്. ഇൗ കുഴികളിലേക്ക് മലവെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ ഗർത്തത്തിന്റെ ആഴം കൂടി റോഡ് കൂടുതൽ തകരാറിലായി. തിരക്കേറിയ ഈ റോഡിലെ കുണ്ടിലും കുഴിയിലും ചാടി സ്ക്കൂൾ വാഹനമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് അപകടങ്ങളിൽപ്പെടുന്നത്. എപ്പോൾ വേണമെങ്കിലും ഇവിടെ വൻ അപകടത്തിന് സാദ്ധ്യയുള്ളതായും നാട്ടുകാർ പറയുന്നു. വാഴക്കുളത്തു നിന്നും കാവന, അരിക്കുഴ, മണക്കാട് ചിറ്റൂർവഴി തൊടുപുഴക്ക് പോകുന്ന ബസുകൾ ഇതിലൂടെ പലപ്പോഴും സർവീസ് നടത്തുവാൻ തയ്യാറാകാത്ത സ്ഥിതിയുണ്ട്. സർവീസ് നടത്തിയാൽ തന്നെ പല ട്രിപ്പുകളും മുടക്കുന്നു. റോഡിലെ കുഴികളിൽ വീണ് വാഹനങ്ങളുടെ സ്പെയർപാർട്സുകൾ പതിവായി മാറ്റേണ്ട അവസ്ഥ വൻ നഷ്ടമാണുണ്ടാക്കുന്നതെന്ന് ബസുകാർ പറയുന്നു.
# തൊടുപുഴയ്ക്കുള്ള എളുപ്പവഴി
വാഴക്കുളം - കാവന റോഡിലൂടെ മൂന്നു കിലോമീറ്രർ സഞ്ചരിച്ച് മഠം കവലയിൽ എത്തി ഇടത്തോട്ട് പോയാൽ തൊടുപുഴയിലേക്കും നേരേ പോയാൽ പാറക്കടവ്, പണ്ടപ്പിള്ളി, പാലക്കുഴ, കൂത്താട്ടുകുളം എന്നീ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തിച്ചെരാനാകും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്രിസ്ത്യൻ മഠങ്ങൾ, പ്രശസ്തമായ മൂഴിക്കൽ ക്ഷേത്രം എന്നിവടങ്ങളിലേക്കെല്ലാം പോകുന്നതിനുള്ള പ്രധാന റോഡാണ് വാഴക്കുളം - കാവന റോഡ്. ഏഴുവർഷം മുമ്പ് റീടാറിംഗ് നടത്തിയതിനുശേഷം പൊതുമരാമത്ത് വകുപ്പ് അധികാരികൾ ഈ വഴി തിരിഞ്ഞുനോക്കിയിട്ടില്ല. അടിയന്തരമായി റോഡ് നവീകരിച്ച് സുഗമയാത്രയ്ക്ക് വഴിയൊരുക്കണമെന്നാണ് ആവശ്യം.