മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മൂവാറ്റുപുഴ സബ്‌സെന്ററിൽ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ത്രിവത്സര കോഴ്സിന്റെ ഒന്നാം വർഷത്തേക്കുള്ള കോഴ്‌സുകളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. എംപി എന്ന നിലയിൽ പാർലമെന്റിൽ നിന്ന് ലഭിക്കുന്ന രേഖകളുടെ പകർപ്പ് അക്കാദമിക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റഗുലർ ക്ലാസുകൾ ഉടനെ ആരംഭിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് മൂവാറ്റുപുഴ ഹെറിറ്റേജ് ഭാരവാഹികൾ അക്കാഡമിക്ക് പ്രൊജക്ടർ നൽകി. സി.സി.ഇ.കെ ഡയറക്ടർ ഡോ. അനിത ദമയന്തി മുഖ്യ അതിഥിയായിരുന്നു. മുനിസിപ്പൽ കൗൺസിലർ ജിനു ആന്റണി, സ്പെഷ്യൽ ഓഫീസർ ഡോ. റാണി മാത്യു, ഡോ. ഷാജു തോമസ് എന്നിവർ സംസാരിച്ചു. പ്രൊഫ.കെ.കെ. ഫിലിപ്പ്, ജ്യോതി വിജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. മൂന്നുവർഷം കൊണ്ട് തീരുന്ന കോഴ്‌സിൽ സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കുള്ള യു.പി.എസ്.സി സിലബസാണ് പഠിപ്പിക്കുന്നത്.