ന്യൂഡൽഹി: എയർ ഇന്ത്യയിൽ പുതിയ നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും വിലക്ക്. സ്വകാര്യവത്കരണത്തിന് മുന്നോടിയായാണ് ഈ നീക്കം. പുതിയ സർവീസുകളോ പദ്ധതികളോ
അനിവാര്യമെങ്കിലേ തുടങ്ങാവൂ. തീരുമാനമെടുക്കും മുമ്പ് ലാഭസാദ്ധ്യത സൂക്ഷ്മായി വിലയിരുത്തണം തുടങ്ങിയ നിർദേശങ്ങളും കേന്ദ്ര നിക്ഷേപ, പൊതുമുതൽ കൈകാര്യം ചെയ്യൽ വകുപ്പ് എയർ ഇന്ത്യയ്ക്ക് നൽകിയ കത്തിൽ പറയുന്നു.
കടത്തിൽ ഉയർന്നു പറക്കുന്ന എയർ ഇന്ത്യയെ എത്രയും വേഗം കൈയൊഴിയാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. കഴിഞ്ഞ തവണ ഇതിനുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടതാണ്. ഒരു സ്വകാര്യ കമ്പനിയും എയർ ഇന്ത്യയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. ഇത് മുന്നിൽ കണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാൻ മന്ത്രിതല സമിതിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമിതി അദ്ധ്യക്ഷൻ.
നഷ്ടം 58,000 കോടി
എയർ ഇന്ത്യ 58,000 കോടി രൂപയുടെ കടത്തിന് മേലെയാണ് പറക്കുന്നത്. സഞ്ചിതനഷ്ടം 70,000 കോടി വരും. വരുന്ന മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം 7,600 കോടിയുടെ നഷ്ടം കണക്കാക്കുന്നു.