കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്നിനെതിരെ പള്ളിക്കര പൗരസമിതി വാട്ട്‌സ്ആപ് കൂട്ടായ്മ രംഗത്തെത്തി. കഴിഞ്ഞദിവസം പെരിങ്ങാല, പറക്കോട് ഭാഗങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികളിൽ നിന്ന് കഞ്ചാവ് പിടികൂടിയതോടെയാണ് പ്രതിരോധവുമായി വാട്ട്സ് ആപ് കൂട്ടായ്മ ഉണ്ടാക്കി നാട്ടുകാർ രംഗത്തുവന്നത്.

മനക്കക്കടവ്, കടമ്പ്രയാറിൻെറ തീരപ്രദേശം, പള്ളിക്കര, പട്ടിമ​റ്റം, പെരിങ്ങല, കരിമുകൾ, അമ്പലമുകൾ പ്രദേശങ്ങളിലെല്ലാം വിവിധതരം മയക്കുമരുന്നുകളും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും സുലഭമാണ്. വിദ്യാർത്ഥികളെയും ഇതര സംസ്ഥാനക്കാരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാനക്കാർ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളും വിദ്യാലയങ്ങളുടെ പരിസരവുമാണ് വില്പന കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ കൂട്ടായ്മ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ച് ശക്തമായി രംഗത്തുണ്ടാകും. വിവിധ പ്രദേശങ്ങളിൽ നിരീക്ഷണവും ശക്തമാക്കും. ഇതിനായി പൊലീസ്, എക്‌സൈസ്, നാർകോട്ടിക് സെൽ എന്നിവരുടെ സഹായം തേടുകയും പൊതുസമൂഹത്തിൽ ബോധവത്ക്കരണം നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട വിദ്യാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം എന്നിവിടങ്ങളിൽ പ്രത്യേകം ബോധവത്കരണം നടത്തും. ലഹരിക്കടിമപ്പെട്ട വ്യക്തികളെ നിരീക്ഷിച്ച് ബന്ധുക്കളുടെ സഹകരണത്തോടെ വിദഗ്ദ്ധ വൈദ്യസഹായത്തിന് നേതൃത്വം നൽകാനും വാട്ട്സ് ആപ് കൂട്ടായ്മ രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.