crusher
ക്രഷർ മാലിന്യം നിറഞ്ഞ നിലയിൽ തോട്ടിലെ നീരൊഴുക്ക്

കിഴക്കമ്പലം: മഴവെള്ളപ്പാച്ചിൽ മറയാക്കി ക്രഷർ മാലിന്യങ്ങൾ കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന തോട്ടിലേയ്ക്ക് തള്ളുന്നു. വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാരുകുളം അറപ്പിള്ളി തോട്ടിലേക്കാണ് വൻതോതിൽ ക്രഷർ മാലിന്യം ഒഴുക്കിവിട്ടത്. തോട്ടിലെ വെള്ളം കറുത്ത നിറത്തിലാണ് ഒഴുകുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

വെള്ളത്തിന്റെ നിറം മാറിയതോടെ നിരവധി പേരാണ് പരാതിയുമായി എത്തിയത്. ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങൾക്കു കാരണമായ പാറപ്പൊടി കലർന്ന വെള്ളം പ്രദേശത്തെ കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടി കൃഷിക്ക് ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മഴ ശക്തമാകുകയും തോട്ടിലെ വെള്ളം കരകവിഞ്ഞ് പാടശേഖരങ്ങളിലേക്ക് ഒഴുകുന്നതോടെ പരിസരത്തുള്ള കിണറുകളിലേക്ക് ഇത് ഒഴികിയെത്തുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

വേനൽക്കാലങ്ങളിലും ഇത്തരത്തിൽ ഇവിടങ്ങളിൽ ക്രഷർ മാലിന്യം തള്ളാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മിക്കവാറും രാത്രി കാലങ്ങളിലാണ് സംഭരിച്ച് നിർത്തുന്ന മാലിന്യം തോട്ടിലേക്കൊഴുക്കുന്നത്. കരിങ്കൽ പൊടിച്ച് ക്രഷർ മണൽ നിർമ്മാണം നടത്തുമ്പോഴുണ്ടാകുന്ന വെള്ളമാണ് ഇത്തരത്തിൽ തോടുകളിലേക്ക് ഒഴുക്കിവിടുന്നത്. ഈ വെള്ളത്തിൽ ഇറങ്ങുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതും പതിവാണ്. മലിനജലം ഒഴുക്കുന്നത് പലപ്പോഴും മത്സ്യക്കുരുതിക്ക് കാരണമാകുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.