കൊച്ചി: ചെറായി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തത്ത്വമസി ചിട്ടി ആൻഡ് ഇൻവെസ്റ്റ്‌മെന്റിന്റെ തട്ടിപ്പിനിരയായവർ സമരത്തിലേക്ക്. പറവൂർ, ചെറായി, മുനമ്പം, എടവനക്കാട് സ്വദേശികളായ 110 പേരാണ് സമരത്തിനൊരുങ്ങുന്നത്. ഇവരിൽ നിന്ന് മാത്രമായി ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന് തട്ടിപ്പിനിരയായവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2016-17 വർഷത്തിലാണ് തൈക്കൂട്ടിൽ കിഷോർ മാനേജിംഗ് ഡയറക്ടറായി ചെറായി കേന്ദ്രമാക്കി പ്രവർത്തിച്ചു തുടങ്ങിയത്. 2017 ആഗസ്റ്റ് 20 ന് സ്ഥാപനം പൂട്ടി ഉടമ മുങ്ങി. കിഷോറിനെ പൊലീസ് പിടി കൂടിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും പണം തിരിച്ചു നൽകിയിട്ടില്ല. എം.കെ ചന്ദ്രൻ, കെ.പി സുരേഷ്, വി.എസ് രമേശൻ, എം.എ അഫ്‌സൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.