കോതമംഗലം: മാമലക്കണ്ടം - ആറാംമൈൽ റോഡിൽ പുളി ചപ്പാത്ത് പാലം അപകടഭീഷണിയിൽ. പാലത്തിന്റെ സൈഡ്കരിങ്കൽകെട്ട് ഇടിഞ്ഞ് ഏതുനിമിഷവും പാലം നിലംപൊത്താൻ പാകത്തിനാണ് നിൽക്കുന്നത്. സ്കൂൾ ബസ്സുകൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത് ഇതിലൂടെയാണ്. മഴക്കാലമായാൽ പാലം പൂർണമായും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ ഒരു വർഷം മുൻപ് ടെൻഡർ ജോലികൾ പൂർത്തിയായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതാണ് പാലത്തിന്റെ നിർമ്മാണം വൈകുന്നതെന്ന് പറയുന്നു. ദുരന്തമുണ്ടായാലേ അധികാരികൾ ഉറക്കമുണരുകയുള്ളുവെന്ന സ്ഥിതിയാണ്. തടസങ്ങൾ നീക്കി അടിയന്തരമായി പാലം പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ അരുൺചന്ദ്രൻ അശ്യപ്പെട്ടു.