കൊച്ചി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിൽ നിന്ന് പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ആധാർകാർഡും അന്വേഷണത്തിന് ആവശ്യമില്ലെങ്കിൽ തിരിച്ചുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. എഫ്.ഐ.ആർ, എഫ്.ഐ.എസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയും നൽകണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടു.
കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് നിർദ്ദേശം. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അടുത്ത ബന്ധുക്കളായ തങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഭാര്യ വിജയയും രണ്ട് മക്കളും നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചത് പൈശാചികമായ സംഭവമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. എറണാകുളം റേഞ്ച് ഐ.ജിയും കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്ന് സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. സർക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് കുറ്റവാളികൾക്ക് ഒരു ഇളവും ലഭിക്കില്ല. സംഭവത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഹർജിക്കാരുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ രണ്ടാഴ്ച വേണമെന്ന പ്ളീഡറുടെ അഭ്യർത്ഥന കോടതി അംഗീകരിച്ചു.
ജൂൺ 12 മുതൽ 16 വരെ രാജ്കുമാർ കസ്റ്റഡിയിൽ ക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായതായി ഹർജിയിൽ പറയുന്നു. രാജ്കുമാർ പ്രതിയായ ഹരിത ഫിനാൻസുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണമുണ്ടെങ്കിലും എഫ്.ഐ.ആറിൽ ചെറിയ തുകയുടെ തട്ടിപ്പാണ് കാണിച്ചത്. പണം നൽകിയവരുടെ പേരുകൾ പറയാതിരിക്കാൻ രാജ്കുമാറിനെ ക്രൂരമായി മർദിച്ചു. പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ഇടുക്കി എസ്.പി, കട്ടപ്പന ഡിവൈ.എസ്.പി, നെടുങ്കണ്ടം സി.ഐ. എന്നിവരറിയാതെ രാജ്കുമാറിനെ കസ്റ്റഡിയിൽ വയ്ക്കാനാവില്ല. ഇവർക്കും ജയിൽ അധികൃതർക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഹർജിയിൽ പറയുന്നു.