കൊച്ചി: ആദിവാസികളെ കുടിയിറക്കുന്നതിനെതിരെയും കേന്ദ്ര വന നിയമഭേദഗതിക്കെതിരെയും സംസ്ഥാന സർക്കാർ ഉടനടി സത്യവാങ്മൂലം നൽകണമെന്ന് വിവിധ ആദിവാസി സംഘടനകളുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് വനാവകാശ നിയമപ്രകാരം വ്യക്തിഗത അവകാശത്തിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവരെ അവരുടെ താമസ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. ഇത് കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കലിന് കാരണമാകും.
ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം.ഗീതാനന്ദൻ, ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി ജനാർദ്ദനൻ, ആദിജന മഹാസഭ പ്രതിനിധി സി.ജെ തങ്കപ്പൻ, ഹോൺബിൾ ഫൗണ്ടേഷൻ പ്രതിനിധി രശ്‌മി.എം.നായർ, രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.