മുംബയ്: ഓഹരി വിപണിയിലെ തുടരുന്ന തകർച്ച നിക്ഷേപകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിന് ശേഷം ഇതുവരെ ഓഹരി വിപണിയിലെ നഷ്ടം ആറ് ലക്ഷം കോടിയോളം രൂപയാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് മുഖ്യകാരണം.
വിദേശ പോർട്ട് ഫോളിയോ നിക്ഷേപ സ്ഥാപനങ്ങൾക്കും അതിധനാഢ്യർക്കും ഉൾപ്പടെ നികുതി ഈടാക്കാനുള്ള കേന്ദ്രബഡ്ജറ്റിലെ നിർദേശങ്ങളാണ് പ്രധാനമായും ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഒരു ലക്ഷത്തിലേറെ ലാഭമുള്ള ഇടപാടുകൾക്ക് പത്ത് ശതമാനം കാപ്പിറ്റൽ ഗെയിൻ ടാക്സ് ആണ് പ്രശ്നമുണ്ടാക്കിയ ബഡ്ജറ്റ് നിർദേശം.
മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ജൂലായ് 5ന് 151.35 ലക്ഷം കോടിയായിരുന്നത് ജൂലായ് 19ന് 145.34 ആയി കുറഞ്ഞു. ഏകദേശം ആറ് ലക്ഷം കോടിയുടെ നഷ്ടം. ബാങ്കിംഗ്, വ്യവസായ ഓഹരികൾക്കാണ് കൂടുതൽ ശോഷണമുണ്ടായത്.
ബജാജ് ഫിൻസർവീസ്, എച്ച്.ഡി.എഫ്.സി, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയവ കനത്ത തിരിച്ചടി നേരിട്ടു. അതേസമയം മെറ്റൽ, ഫാർമ, കമ്പനികൾ സ്ഥിരതയോടെ നിന്നു. ബജാജ് ഫിൻസർവീസിന് 5% നഷ്ടമാണുണ്ടായത്.
അധികനികുതി ഈടാക്കുകയും അതിന്റെ ഗുണഫലം വിപണിയിൽ ദൃശ്യമാകത്തക്ക വിധമുള്ള പദ്ധതികൾ നിർദേശിക്കാതിരുന്നതുമാണ് നിക്ഷേപ സ്ഥാപനങ്ങളെ വൻതോതിലുള്ള വില്പനയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദ ഫലങ്ങൾ മോശമായതും വിൽപ്പന ത്വരിതപ്പെടുത്താൻ കാരണമായിട്ടുണ്ട്. ചെറുകിട, ഇടത്തരം ഓഹരികളാണ് വൻതിരിച്ചടി നേരിട്ടവയിൽ മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളിലും കനത്ത വില്പനയാണ് ഇന്ത്യൻ വിപണിയിൽ ദൃശ്യമായത്. ഡെപ്പോസിറ്ററികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് മാത്രം 7,712 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. അമേരിക്ക - ഇറാൻ സംഘർഷവും അമേരിക്ക - ചൈന വ്യാപാര യുദ്ധവും പൊതുവേ ഏഷ്യൻമാർക്കറ്റിനെ ദോഷകരമായി ബാധിച്ച സാഹചര്യം കൂടിയാണ് നിലവിലുള്ളത്.
ബഡ്ജറ്റിന് ശേഷം ഓഹരി വിപണിയിൽ സെൻസെക്സിൽ മാത്രം ഇടിവുണ്ടായത് 1200 പോയിന്റാണ്.
ഇന്നലെ സെൻസെക്സ് 305.88 പോയിന്റ് നഷ്ടത്തിൽ 38,031.13 പോയിന്റിലും നിഫ്റ്റി 82.10 പോയിന്റ് ഇടിഞ്ഞ് 11,337.20ലുമാണ് ക്ളോസ് ചെയ്തത്.