 പദ്ധതി സി.എം.എഫ്.ആർ.ഐയുടേത്
കൊച്ചി: മത്സ്യമാർക്കറ്റുകളിലെ മീൻവില ഇനി ഓൺലൈനായി അറിയാം. മത്സ്യ മാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അതത് മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മത്സ്യങ്ങളുടെ ഇ ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ, മത്സ്യ സംസ്‌കരണവ്യവസായികൾ എന്നിവർക്ക് പദ്ധതി പ്രയോജനകരമാകും.
1500 മാർക്കറ്റുകൾ
രാജ്യത്തെ 1500 മത്സ്യമാർക്കറ്റുകളാണ് പദ്ധതിയിലുള്ളത്. ലാൻഡിംഗ് സെന്ററുകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, ചില്ലറവ്യാപാര മാർക്കറ്റുകൾ, കൃഷി ഉത്പാദന മാർക്കറ്റുകൾ എന്നിവ ഇതിൽപെടും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻ.എഫ്.ഡി.ബി) സാമ്പത്തിക സഹായത്തോടെയാണ് സി.എം.എഫ്.ആർ.ഐ പദ്ധതി.


 1 ഘട്ടത്തിൽ 500 മാർക്കറ്റുകൾ

ആദ്യഘട്ടത്തിൽ കേരളമുൾപ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാർക്കറ്റുകളാണ് പദ്ധതിയിലുള്ളത്. ഓരോ മാർക്കറ്റുകളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ആഴ്ചതോറുമുള്ള മീൻവിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓൺലൈൻ ഡാറ്റാബേസ് തയ്യാറാക്കും. മാർക്കറ്റുകളുടെ സ്ഥിതിവിവരം, വിപണനസമയം, ഗതാഗതസൗകര്യം, മീൻവരവ്, വിപണനം നടത്തുന്ന മത്സ്യയിനങ്ങൾ, ആവശ്യക്കാരേറെയുള്ള മത്സ്യം, അടിസ്ഥാന സൗകര്യങ്ങൾ, 150ലധികം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓൺലൈനായി എൻ.എഫ്.ഡി.ബി (www.nfdb.gov.in)), സി.എം.എഫ്.ആർ.ഐ (www.cmfri.org.in)) വെബ്‌സൈറ്റുകളിൽ നിന്ന് ഒക്ടോബർ മുതൽ അറിയാം. പിന്നീട് ഇതിന് മാത്രമായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും.
 50 മാർക്കറ്റുകൾ കേരളത്തിൽ

കേരളത്തിലെ 50 മാർക്കറ്റുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളെ പ്രതിനിധീകരിച്ച് എത്തിയവർക്ക് പരിശീലനവും ബോധവത്ക്കരണവും നൽകി. സി.എം.എഫ്.ആർ.ഐയിലെ സാമൂഹികസാമ്പത്തിക അവലോകന വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ്.സലീമാണ് പദ്ധതിയുടെ മുഖ്യ ഗവേഷകൻ.