കൊച്ചി : സംവരണ സമുദായ പട്ടിക 10 വർഷത്തിലൊരിക്കൽ പുതുക്കണമെന്ന നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു.
സർക്കാർ സർവീസിലെ സംവരണാനുകൂല്യം പിന്നാക്ക സമുദായങ്ങളിലെ അർഹരായവർക്ക് ലഭിക്കുന്ന തരത്തിൽ സംവരണ പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം.
പട്ടിക പുതുക്കുന്നതിൽ വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതായി വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞു. സംവരണ പട്ടിക പുതുക്കാൻ ആവശ്യമായ സാമൂഹ്യ, സാമ്പത്തിക, സമുദായ സർവേയും റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. ഹർജി ആഗസ്റ്റ് 26 ന് വീണ്ടും പരിഗണിക്കും.
മുസ്ലീങ്ങൾ, ആദിവാസികൾ, ദലിതർ എന്നിവരുൾപ്പെടെ എഴുപതിലധികം പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ മതിയായ പ്രാതിനിദ്ധ്യമില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് സംബന്ധിച്ച ഇന്ദ്ര സാഹ്നി കേസിലെ സുപ്രീംകോടതി വിധിയനുസരിച്ച് 10 വർഷം കൂടുമ്പോൾ സംവരണപട്ടിക പുതുക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച കേരള സ്റ്റേറ്റ് കമ്മിഷൻ ഫോർ ബാക്ക്വേഡ് ക്ലാസസ് ആക്ടിലെ 11ാം വകുപ്പ് പ്രകാരവും 10 വർഷം കൂടുമ്പോൾ പട്ടിക പുതുക്കണം. ഇതുവരെ നടപടി സ്വീകരിക്കാത്തതിനാൽ പിന്നാക്കക്കാരിലെ മുന്നാക്കക്കാർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നു. പട്ടിക പുതുക്കാനും സർവേ റിപ്പോർട്ട് തയ്യാറാക്കാനും സർക്കാരിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. മുസ്ളീങ്ങളുടെ പിന്നാക്കാവസ്ഥ പരിശോധിച്ച് അവർക്ക് ആദിവാസി, ദളിത് വിഭാഗങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ നൽകുക, മുസ്ളീങ്ങൾക്കു സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുക, ആദിവാസി, ദളിത് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് സംവരണ റൊട്ടേഷനിൽ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഹർജിയിലെ മറ്റാവശ്യങ്ങൾ.