bava2
കോതമംഗലം ഗ്രീൻവാലീ പബ്ലിക് സ്‌കൂളിൽ നടത്തിയ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ തൊണ്ണൂറ്റിയൊന്നാം ജന്മദിനാഘോഷം ഡോ. ജോസഫ് മാർത്തോമ മെത്രപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം : യാക്കോബായ സഭയിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് പകരം വയ്ക്കാൻ ഇന്ന് സഭയിൽ മറ്റാരുമില്ലെന്ന് മലങ്കര മാർത്തോമ സുറിയാനി സഭാപരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. ശ്രേഷ്ഠ ബാവായുടെ 91ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്‌കൂളിൽ കുട്ടികളോടൊപ്പം മെത്രാന്മാരും വൈദികരും സിസ്റ്റർമാരും അൽമായരും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നായകരും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. ഗ്രീൻവാലി പബ്ലിക് സ്‌കൂൾ ഡയറക്ടർ പ്രദീപ് കുര്യാക്കോസ് പൊന്നാട ചാർത്തി. അനുമോദന സമ്മേളനത്തിൽ ഡോ. എബ്രഹാം മാർ സേവ്യറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി., മുൻ വൈസ് ചാൻസലർ സിറിയക് തോമസ്, ആന്റണി ജോൺ എം.എൽ.എ., സജി ചെറിയാൻ എം.എൽ.എ, ടെൽക് ചെയർമാൻ എൻ.സി. മോഹനൻ എന്നിവർ പ്രസംഗിച്ചു. പ്രദീപ് കുര്യാക്കോസ് സ്വാഗതവും പി.ടി. ജോണി നന്ദിയും പറഞ്ഞു.
മെത്രാപ്പൊലീത്തമാരായ ഡോ. ഏലിയാസ് മാർ അത്തനാസിയോസ്, പൗലോസ് മാർ ഐറേനിയോസ്, മാത്യൂസ് മാർ അന്തിമോസ്, മാത്യൂസ് മാർ ഇവാനിയോസ്, ചലച്ചിത്ര താരങ്ങളായ കവിയൂർ പൊന്നമ്മ, വിനയ് ഫോർട്ട്, എം.എൽ.എ. മാരായ പി.ജെ. ജോസഫ്, എൽദോ എബ്രഹാം, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, റോജി എം.ജോൺ, അനൂപ് ജേക്കബ് തുടങ്ങിയവർ ജന്മദിനാശംസ നേർന്നു.