പെരുമ്പാവൂർ: മഴ ശക്തമായതോടെ വാഴക്കുളം പഞ്ചായത്തിൽ പലേടത്തും വെള്ളക്കെട്ടു രൂക്ഷമായി. ഇടറോഡുകളെല്ലാം വെള്ളം നിറഞ്ഞ് തോടായി മാറി. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും കഷ്ടപ്പെടുകയാണ്. മാറമ്പള്ളി, കുന്നുവഴി, മഞ്ഞപ്പെട്ടി, കുതിരപ്പറമ്പ്, മുടിക്കൽ, ചെറുവേലിക്കുന്ന് എന്നീ പ്രദേശങ്ങളിലെ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ദിനംപ്രതി ടിപ്പറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നതിനാൽ റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡിലെ കുണ്ടിലും കുഴിയിലും വീണു വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നു.
പ്രധാന റോഡുകളിൽ നിന്ന് ഉൾപ്രദേശങ്ങിലേക്ക് പോകുന്ന വഴികളിലെല്ലാം കോൺക്രീറ്റ് കട്ട വിരിച്ചതിനാൽ വെള്ളം ഇരുവശങ്ങളിലും കെട്ടി നിൽക്കുന്ന അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.