പറവൂർ : പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പിനെതിരെ പ്രതിപക്ഷത്തെ പതിമൂന്ന് എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. അഴിമതി, കെടുകാര്യസ്ഥത, ഭരണസ്തംഭനം തുടങ്ങിയവ ആരോപിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. 29 അംഗ നഗരസഭയിൽ കോൺഗ്രസ് 15, എൽ.ഡി.എഫ് 13, ബിജെപി ഒന്ന് എന്നിങ്ങിനെയാണ് കക്ഷി നില. അവിശ്വാസ പ്രമേയ ചർച്ചയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന ബി.ജെ.പി തിരുമാനിച്ചിട്ടില്ല. ആഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് അവിശ്വാസ പ്രമേയത്തിൽ ചർച്ച നടക്കും. റീജിയണൽ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിലാണ് നടപടികൾ ആരംഭിക്കുക. ചർച്ചയിൽ ഒരംഗത്തിന് നാല് മിനിറ്റാണ് സമയം അനുവദിക്കുക. തുടർച്ചയായി രണ്ടാം തവണയും നഗരസഭ ഭരിക്കുന്ന കോൺഗ്രസ് മൂന്നു വർഷം പിന്നിട്ടശേഷമാണ് അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്നത്. സംസ്ഥാന തലത്തിൽത്തന്നെ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ എൽ.ഡി.എഫ് നൽകിയിട്ടുള്ള നിർദ്ദേശത്തിന്റെ ഭാഗമാണ് അവിശ്വാസ പ്രമേയമെന്നാണ് കോൺഗ്രസ് പ്രതികരിച്ചു.