കോലഞ്ചേരി: അന്യസംസ്ഥാന തൊഴിലാളികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് മയക്കു മരുന്നു വില്പന നടത്തുന്ന അന്യസംസ്ഥാനക്കാരായ മൂന്നംഗ സംഘത്തെ പുത്തൻകുരിശ് പൊലീസ് പിടികൂടി. ഒഡീഷ, ഗുഞ്ചാം ജില്ലക്കാരായ രുഗുമാ വില്ലേജിൽ ശത്രുഗുണ പാണ്ട (44) പെൻറിൽ ഗുന്ധി വില്ലേജിൽ ദിവാകർ ഗൗഡ (42) , നുവാഗഡ വില്ലേജിൽ ബാലരാമ ഗൗഡ (50) എന്നിവരെയാണ് പിടികൂടിയത്. ചൂണ്ടി രാമമംഗലം റോഡിൽ കുടുംബനാട്ടിൽ വാടക വീടാണ് ഇവരുടെ താവളം. ഇവരിൽ നിന്നും വില്പനക്കെത്തിച്ച 951 പായ്ക്കറ്റ് പുകയിലയും, 194 പായക്കറ്റ് മയക്കു മരുന്ന് ചേർത്ത പുകയില പൊടിയും , 9 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നേരിട്ടെത്തിച്ചാണ് വില്പന, സ്കൂളുകൾക്കു സമീപത്ത് ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് മയക്കു മരുന്നുല്പന്നങ്ങൾ നൽകാറുണ്ടെന്നും പ്രതികൾ പൊലീസിനു മൊഴി നല്കി. ഇവരുടെ സംഘത്തിലൊരാൾ ആഴ്ചയിലൊരിക്കൽ ബംഗാളിലെ കുഗ്രാമങ്ങളിൽ നിന്നും മയക്കുമരുന്നും, പുകയിലയും ട്രയിൻ മാർഗം സംസ്ഥാനത്ത് എത്തിക്കുന്നതാണ് രീതി. പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ, എസ്.ഐ ബാബു, എ.എസ്.ഐ പീറ്റർ, സി.പി ഒ മാരായ യോഹന്നാൻ, അനിൽകുമാർ, പ്രശോഭ്, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.