lorry
കുറ്റിപ്പുഴയിൽ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുമ്പോഴും ചീറിപ്പായുന്ന ടോറസ് ലോറി

കെ.സ്.സ്മിജൻ

നെടുമ്പാശേരി: രാവിലെയും വൈകിട്ടും സ്‌കൂൾ സമയങ്ങളിൽ ടിപ്പറുകൾക്കും, ടോറസുകൾക്കും സർവീസ് നിയന്ത്രണമുള്ളപ്പോൾ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത് ബാധകമാകുന്നില്ലെന്ന് പരാതി. പൊലീസിന്റെ അനാസ്ഥ മൂലം സ്‌കൂൾ സമയത്തും അത്താണി - മാഞ്ഞാലി റോഡിൽ ടിപ്പറുകളും ടോറസുകളും നിയന്ത്രണമില്ലാതെ ചീറിപായുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്‌കൂൾ സമയത്ത് ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന് ശേഷം ഇത്തരം അപകടങ്ങളും ഗണ്യമായി കുറഞ്ഞിരുന്നു. അടുത്തടുത്തായി മൂന്ന് സ്‌കൂളുകൾ പ്രവർത്തിക്കുന്ന കുറ്റിപ്പുഴ ഭാഗത്ത് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോഴും മടങ്ങി വരുന്ന സമയത്തും ടോറസുകൾ ചീറി പായുകയാണ്. ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന കുറ്റിപ്പുഴ കൃസ്തുരാജ് ഹൈസ്‌കൂൾ, തൊട്ടടുത്ത സർക്കാർ ജെ.ബി.എസ് സ്‌കൂൾ, സെന്റ്. ഫ്രാൻസിസ് എൽ.പി സ്‌കൂൾ എന്നിവ പ്രവർത്തിക്കുന്നത് ഏകദേശം 300 മീറ്റർ ചുറ്റളവിലാണ്. പലപ്പോഴും ഭയന്ന് വിറച്ചാണ് വിദ്യാർത്ഥികൾ റോഡിലൂടെ സഞ്ചരിക്കുന്നത്.

പി.ടി.എ ഭാരവാഹികൾ അടക്കം ഇക്കാര്യം ചെങ്ങമനാട് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അത്താണി മാഞ്ഞാലി റോഡിൽ കുറ്റിപ്പുഴയിൽ നിന്നും മൂന്ന് കിലോമീറ്ററോളം പരിധിയിലുള്ള ചെങ്ങമനാട് ഹയർ സെക്കൻഡറി സ്‌കൂൾ, ചെങ്ങമനാട് ഗവ.എൽ.പി സ്‌കൂൾ, ചാലാക്കൽ ഗവ.എൽ.പി സ്‌കൂൾ എന്നീ സ്‌കൂളുകളുടെ മുന്നിലൂടെയാണ് സ്‌കൂൾ സമയത്ത് ടിപ്പറുകളുടെ സർവീസ്. ഈ പ്രദേശങ്ങളെല്ലാം ചെങ്ങമനാട് പോലീസിന്റ പരിധിയിൽ ഉൾപ്പെട്ടതാണ്.

#പൊലീസ് നോക്ക് കുത്തി

#സ്കൂൾ സമയം രാവിലെ എട്ടു മുതൽ പത്ത് വരെ ടിപ്പറുകൾ ഓടരുതെന്ന നിയമം കാറ്റിൽ പറത്തുന്നു.

# അടുത്തടുത്തായി മൂന്ന് സ്‌കൂളുകൾ പ്രവർത്തിക്കുന്നു.