congress
റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ളിയു.ഡി ഓഫീസ് ഉപരോധിക്കുന്നു

ആലുവ: തകർന്നടിഞ്ഞ നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ്. എൻജിനീയർ ഓഫീസ് ഉപരോധിച്ചു. മഴക്കാലം ആരംഭിക്കും മുമ്പേ റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എയും, മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി ഏബ്രഹാമും നിരന്തരം ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയായിരുന്നുവെന്ന് സമരക്കാർ ആരോപിച്ചു.

മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, എം.ടി ജേക്കബ്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ആനന്ദ് ജോർജ്, ജോസി പി. ആൻഡ്രൂസ്, വി.കെ. ചന്ദ്രൻ, ലളിത ഗണേശൻ, സൗമ്യ കാട്ടുങ്ങൽ, അജ്മൽ കാമ്പായി, ബാബു കുളങ്ങര, ജോൺസൺ മുളവരിക്കൽ, സി.എ. ബാബു, കെ.കെ. ശിവദാസൻ, ആരിഫ് പാലുപ്പള്ളത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നു: എം.എൽ.എ

നഗരത്തിൽ നടുവൊടിക്കുന്ന കുഴികൾ രൂപപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. മഴയാരംഭിക്കും മുമ്പേ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമാണെന്നും എം.എൽ.എ പറഞ്ഞു.