മൂവാറ്റുപുഴ: ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ കണ്ടക്ടറെ കാറിടിച്ച് വീഴ്ത്തി. കാർ നിർത്താതെ പോയി. വാരപ്പെട്ടി ഇളങ്ങവം കാക്കനാട്ടുവീട്ടിൽ കെ.എ. വിനോദിനാണ് (50) പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം. പിന്നാലെയെത്തിയ ഇന്നോവകാർ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിനോദിനെ സമീപത്തെ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസമയത്ത് ശക്തമായ മഴയായതിനാൽ കാറിന്റെ നമ്പർ ശ്രദ്ധിക്കാൻ കഴിയിട്ടില്ല. സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സിസി ടിവി കാമറകൾ പരിശോധിച്ചുവരികയാണ്. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.