mudra

മുംബയ്: നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന വായ്പാ പദ്ധതികളിലൊന്നായ മുദ്രലോൺ അനുവദിക്കുമ്പോൾ ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പൊതുമേഖലാ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി. ജാമ്യവ്യവസ്ഥകളില്ലാത്ത മുദ്ര ലോൺ പത്ത് ലക്ഷം വരെയാണ് നൽകുന്നത്.

മുദ്ര വായ്പയിൽ തിരിച്ചടവ് മുടങ്ങിയ മൊത്തം തുക ഒരു വർഷം കൊണ്ട് ഇരട്ടിയിലധികമായി സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാർച്ചിൽ 7,277.32 കോടിയായിരുന്ന കുടിശിക ഇക്കൊല്ലം 17,250.73 കോടിയായി.

50,000, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്ന മൂന്ന് സ്ളാബുകളിലാണ് സ്വയം തൊഴിലിന് മുദ്ര വായ്പ നൽകുന്നത്. ഏറ്റവും അധികം അനുവദിച്ചത് 50,000 രൂപയുടെ വായ്പയാണ്. വേണ്ടത്ര പരിശോധന നടത്താതെ അനർഹർക്ക് വായ്പ നൽകി കിട്ടാക്കടമാകുന്നത് ബാങ്കിംഗ് മേഖലയ്ക്കാകെ തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.