മൂവാറ്റുപുഴ: ക്ഷീരമേഖലയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള അഗ്രസീവ് ഡയറി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയാറിൽ പാൽ ഒഴുക്കി പ്രതിഷേധിച്ചു. പാൽ വില ലിറ്ററിന് 60 രൂപയായി ഉയർത്തുക, മഹാരാഷ്ട്ര മോഡൽ 75 ശതമാനം സബ്സിഡിയോടെ മിൽക്ക് ബൂത്തുകൾ അനുവദിക്കുക തുടങ്ങി 17 ഇന ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ആശ്രമം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ക്ഷീരകർഷകരുടെ ജാഥ നഗരംചുറ്റി നെഹ്റു പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധസമ്മേളനം സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷീരകർഷകർ കൊണ്ടുവന്ന പാൽ പുഴയിലേക്ക് ഒഴിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അലി മാങ്കുളം, ജനറൽ സെക്രട്ടറി ഷാജി പുലിമല, ജില്ലാ പ്രസിഡന്റ് എൻ.എൻ. ഹർഷൻ, സെക്രട്ടറിമാരായ റിജു താണിക്കൽ, സിബി മുതകുന്നേൽ, മഞ്ഞള്ളൂർ ആപ്കോസ് പ്രസിഡന്റ് വർക്കി വടക്കേക്കുടി എന്നിവർ നേതൃത്വം നൽകി.