start-up

കൊച്ചി : മലയാളി ദമ്പതികൾ നേതൃത്വം നൽകുന്ന സിംഗപ്പൂരിലെ സ്റ്റാർട്ടപ്പ് കമ്പനിയ്ക്ക് 42 കോ‌ടി രൂപയുടെ മൂലധന നിക്ഷേപം ലഭിച്ചു. തൃശൂർ സ്വദേശി ഹരി ശിവനും ഭാര്യ രേഖയും നയിക്കുന്ന 'സോ ക്യാഷ് ' കമ്പനിയിലാണ് ജപ്പാനിലെ ഗ്ളോറി കമ്പനി നിക്ഷേപം നടത്തിയത്.

ബാങ്കിംഗ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന ധനകാര്യ സാങ്കേതികവിദ്യാ കമ്പനിയാണ് സോ ക്യാഷ്. സൂപ്പർ മാർക്കറ്റുകൾ, കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പണം പിൻവലിക്കൽ, വായ്പയ്ക്ക് അപേക്ഷകൾ സമർപ്പിക്കൽ തുടങ്ങിയവ സോ ക്യാഷിന്റെ ആപ്പ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ ചെയ്യാൻ കഴിയും. എ.ടി.എമ്മുകൾ പോലെ വാണിജ്യ സ്ഥാപനങ്ങളെ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.

സിംഗപ്പൂരിന് പുറമെ ഇൻഡോനേഷ്യ, മലേഷ്യ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലും സേവനം വിപുലീകരിക്കാൻ പുതിയ നിക്ഷേപം വിനിയോഗിക്കുമെന്ന് സോ ക്യാഷ് സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹരി ശിവൻ അറിയിച്ചു. ബാങ്ക് എ.ടി.എമ്മുകൾ തിരക്കി നടക്കാതെ തൊട്ടടുത്ത സ്ഥാപനത്തെ വിനിയോഗിക്കാൻ കഴിയുന്നതാണ് ആപ്പിന് സ്വീകാര്യത വർദ്ധിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ ആപ്പിന് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വടക്കാഞ്ചേരി സ്വദേശി

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ് ഹരി ശിവൻ. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹത്തിന് അന്താരാഷ്ട്ര ബാങ്കിംഗ് രംഗത്ത് 15 വർഷത്തെ പരിചയമുണ്ട്. സിറ്റി ബാങ്ക്, എച്ച്.എസ്.ബി.സി., ഡി.ബി.എസ് തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകളിൽ പ്രവർത്തിച്ച പരിചയവുമായാണ് 2015 ൽ ഹരിയും രേഖയും സോ ക്യാഷ് ആരംഭിച്ചത്.