road
ചെറുവട്ടൂർ- പായിപ്ര റോഡിലെ ഷാപ്പുപടിക്ക് സമീപമുള്ള അപകട മുനമ്പായ കൊടുംവളവ്

മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രധാന റോഡായ ചെറുവട്ടൂർ - പായിപ്ര റോഡിലെ ഷാപ്പുപടി കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്നത് മഹാഭാഗ്യം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെ മേതലയ്ക്ക് പോകുകയായിരുന്ന സ്വകാര്യബസ് മറ്റൊരു വാഹനത്തിന് സൈഡുകൊടുക്കുന്നതിനിടയിൽ കാനയിൽ വീണ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമുറ്റത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ വൻ ദുന്തം ഒഴിവായി. കരിങ്കല്ല് കയറ്റി ക്രഷറിലേക്ക് പോകുകയായിരുന്ന ടോറസ് ലോറി തലകുത്തി മറിഞ്ഞത് കഴിഞ്ഞിടെയാണ്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.

കാത്തിരിക്കുന്നത് വൻ ദുരന്തം

# റോഡിന് വീതി കുറവായതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

# ഒരേ സമയം രണ്ട് വാഹനങ്ങൾ വരുമ്പോൾ കാണാൻ കഴിയുന്നില്ല

# തൊട്ടടുത്ത് എത്തുമ്പോൾ സൈഡുകൊടുക്കുന്നതിനായി പെട്ടെന്ന് ബ്രേക്കിടുമ്പോഴാണ് വാഹനങ്ങളുടെ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നു

# റോഡിലെ വളവിൽ ഒരു സൈഡിൽ കുണ്ടും കുഴിയും മറ്റൊരു സൈഡിൽ വൈദ്യുതി പോസ്റ്റുമാണ്.

# ഇവയ്ക്ക് രണ്ടിനുമിടയിൽക്കൂടി വേണം വാഹനങ്ങൾക്ക് പോകാൻ.

തിരക്കേറിയ റോഡ്

ബസുകളും ടോറസ് ലോറികളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഓടുന്ന റോഡിലെ വളവു ഭാഗത്ത് വൈദ്യുതി പോസ്റ്റ് ഭീഷണി ഉയർത്തി നിൽക്കുന്നു. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും പരിസരവാസികൾ കെ.എസ്. ഇ.ബി , പൊതുമരാമത്ത് വകുപ്പ് അധികാരികളെ അറിയിക്കാറുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

അടുത്തിടെയാണ് റോഡ് നവീകരണം പൂർത്തിയാക്കിയതെങ്കിലും റോഡിലെ കൊടുംവളവും സൈഡിലെ കുണ്ടും കുഴിയും പൊതുമരാമത്തു വകുപ്പ് കണ്ടതായി നടിച്ചില്ല.

# വേണം അടിയന്തര നടപടി

ചെറുവട്ടൂർ - പായിപ്ര റോഡിലെ ഷാപ്പുപടി വളവിൽ തുടരെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. റോഡിലേക്ക് ഇറങ്ങി ഒരു സൈഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും, മറുസൈഡിലെ കുുണ്ടും കുഴിയും നികത്തിയെടുത്ത് റോഡിന് വീതികൂട്ടുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും.

എം.കെ. ജോർജ്,

സമീപവാസി