കൊച്ചി: കാലവർഷം ശക്തമാകുന്നതോടെ മൺസൂൺ ടൂറിസത്തിന് നാമ്പിടുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ നേരിയ കുറവ് മൺസൂൺ ടൂറിസത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. വിവിധ ടൂറിസം സ്‌പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2018നെ അപേക്ഷിച്ച് ഇത്തവണ വിദേശ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായാണ് ടൂറിസം വകുപ്പിന്റെ കണക്കുകൾ. ഇത് ആഭ്യന്തര സഞ്ചാരികളെ ആകർഷിച്ച് മറികടക്കുകയാണ് ലക്ഷ്യം.
സഞ്ചാരികളെ ലക്ഷ്യമിട്ട് ഈ വർഷം മുതൽ ടൂറിസം വകുപ്പ് ആറ് ജില്ലകളിൽ ചാമ്പ്യൻസ് ബോട്ട് ലീഗും മഴ നടത്തവും ആസൂത്രണം ചെയ്തിട്ടുണ്ട്. വനത്തിലൂടെ മഴ ആസ്വദിച്ച് നടക്കാവുന്ന ജംഗിൾ സഫാരിയും മഴയാത്രയുടെ ഭാഗമായി ആതിരപ്പിള്ളി, വയനാട് തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുണ്ട്. അതിരപ്പിള്ളി - ഷോളയാർ വനമേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മൺസൂൺ ടൂറിസം പാക്കേജും ആരംഭിച്ചിട്ടുണ്ട്.
മഴയാത്രയ്ക്കായി എത്തുന്നവരിൽ 40 ശതമാനമാണ് വർദ്ധനവ്. ആഭ്യന്തര ടൂറിസ്റ്റുകളാണ് പ്രധാനമായും എത്തുന്നത്. സ്വകാര്യ റിസോർട്ടുകൾ ഒരുക്കുന്ന മഴക്കാല വിനോദസഞ്ചാര പരിപാടികൾക്കും വകുപ്പിന്റെ പിന്തുണയുണ്ട്. ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രത്യേക ഇളവുകൾ നൽകിയാണ് മൺസൂൺ ടൂർ പാക്കേജുകൾ നടപ്പിലാക്കുന്നത്. ആഗസ്റ്റിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം സർക്കാർ നേരിട്ട് നടത്തുന്ന ബോട്ട് ലീഗ് 2020 മുതൽ ഐ.പി.എൽ മാതൃകയിലായിരിക്കും.
ജൂണിലും ജൂലായ് ആദ്യപകുതിയിലും മഴയിലുണ്ടായ കുറവ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും കാലവർഷം ശക്തമാകുന്നതോടെ പ്രതീക്ഷയേറുകയാണ്. മഴക്കാലം ആസ്വദിക്കാൻ നിരവധി വിദേശ സഞ്ചാരികളാണ് കേരളത്തിൽ ഓരോ വർഷവും എത്താറുള്ളത്. അറബ് സഞ്ചാരികളാണ് എത്തുന്നവരിൽ ഏറെയും. മാലി, സ്പെയിൻ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവരും മഴക്കാലം ആസ്വദിക്കാൻ എത്താറുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയും ഹൈറേഞ്ചിലെ മഴ, മഞ്ഞ് കാഴ്ചകളും ഇവരെ പ്രധാനമായും മഴക്കാലത്ത് കേരളത്തിലേക്ക് ആകർഷിക്കുന്നു.
കർക്കടകത്തിലെ പരമ്പരാഗത ചികിത്സാ രീതിക്ക് പ്രാധാന്യം നൽകി മെഡിക്കൽ ടൂറിസത്തിന്റെ സാദ്ധ്യത പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. അറബ് സഞ്ചാരികളാണ് കൂടുതലായി മൺസൂൺ മഴ കാണാൻ കേരളത്തിലെത്തുന്നത്. സൗദി അറേബ്യയിൽ നിന്ന് മാത്രം 70,000 വിദേശ സഞ്ചാരികൾ വർഷംതോറും എത്തുന്നുണ്ടെന്നാണ് കണക്ക്.