ദുരിതംപേറി അന്യസംസ്ഥാന തൊഴിലാളികൾ
കൊച്ചി : ജീവിതദുരിതത്തിൽ നിന്നു മോചനം സ്വപ്നം കണ്ട് കേരളത്തിലേയ്ക്ക് ഒഴുകുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സാക്ഷര സമ്പന്നരുടെ നാട്ടിൽ കൊടുംചൂഷണത്തിന് ഇരയാകുന്നു.
പശ്ചിമ ബംഗാൾ, ബീഹാർ, ഒറീസ, ജാർഖണ്ഡ്, ഗുജറാത്ത്, അസം, മണിപ്പൂർ, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന് പതിനഞ്ചു ലക്ഷത്തോളം പേർ കേരളത്തിൽ പണിയെടുക്കുന്നുണ്ട്.
# അപകടക്കെണി
തൊഴിലിടങ്ങളിൽ അപകടത്തിൽപ്പെട്ടാൽ ഇവർ കുടുങ്ങി. സർക്കാർ ആശുപത്രിയിൽ എത്തിച്ച് കരാറുകാരൻ തടിയൂരും. വിദഗ്ദ്ധ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാറ്റേണ്ടിവന്നാൽ ഉത്തരവാദിത്വം സഹപ്രവർത്തകർക്കാവും.
# കൂലിയും പ്രശ്നം
ചിലർ ആഴ്ചയുടെ അവസാനം കൂലി തീർത്തുനൽകും. ചിലയിടത്ത് മാസങ്ങൾ നീളും. മാസങ്ങളായി കൂലി ലഭിക്കാത്തവരുമുണ്ട്. തൊഴിലാളികൾ പൊലീസിലും ജില്ലാ അധികാരികൾക്കും പരാതി നൽകുമെങ്കിലും ഫലമുണ്ടാകാറില്ല.
# ജീവിതം നരകതുല്യം
തൊഴിലാളികൾക്ക് പലപ്പോഴും വാസയോഗ്യമായ സ്ഥലം ലഭിക്കാറില്ല. വാടക വീടുകൾ ലഭിക്കാനും ബുദ്ധിമുട്ടാണ്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. തൊഴിലാളികൾക്ക് പദ്ധതിയെക്കുറിച്ച് അറിയില്ല. കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയിൽ 30 രൂപ അടച്ച് അംഗമായാൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. അപകടം പറ്റിയാൽ ചികത്സ, മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കുക, ആശ്രിതർക്ക് സാമ്പത്തിക സഹായം എന്നിവ പദ്ധതിയിലുണ്ട്. ക്ഷേമനിധി ശക്തിപ്പെടുത്തിയാൽ പകുതിയോളം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു.
# ആവാസ് എങ്ങുമെത്തിയില്ല
ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നടപ്പാക്കിയ ആവാസ് ഇൻഷ്വറൻസ് പദ്ധതിയും പൂർണഗുണം ചെയ്യുന്നില്ല. പദ്ധതിയിൽ ഇതുവരെ ചേർന്നത് 77,000 പേരാണ്. 15,000 രൂപ ചികിത്സാ ചെലവും മരിച്ചാൽ 2 ലക്ഷം രൂപയും ലഭിക്കും.
# ക്ഷേമനിധി ശക്തിപ്പെടുത്തണം
അഞ്ചിൽ കൂടുതൽ പേരെ ജോലിക്കു കൊണ്ടുവരുന്ന കരാറുകാർ നിർബന്ധമായും ലെെസൻസ് എടുക്കണം. രണ്ടു ലക്ഷം രൂപ ഫീസായും ഒരാൾക്ക് രണ്ടായിരം രൂപ വീതവും അവർ നൽകണം. വലിയ സ്ഥാപനങ്ങളല്ലാതെ ആരും ലെെസൻസ് എടുക്കാറില്ല.
തൊഴിലാളികൾ സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ടവരാണോയെന്ന് പരിശോധിക്കാൻ കഴിയുക കരാറുകാരനാണ്. ഇത് സംഭവിക്കാറേയില്ല.
ക്ഷേമനിധി സ്‌കീമിന്റെയും ആവാസ് പദ്ധതിയുടേയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയാൽ ഈ മേഖലയിൽ പകുതിയോളം പ്രശ്‌നങ്ങൾ പരിഹരിക്കാം.
വി.ബി. ബിജു
ജില്ലാ ലേബർ ഓഫീസർ
(എൻഫോഴ്സ്‌മെന്റ്)